നിയമസഭയിൽ ബിജെപി- സിപിഎം നാടകമെന്ന് കെ സുധാകരൻ എംപി

JANUARY 25, 2024, 1:36 PM

 കൊച്ചി: സിപിഎം- ബിജെപി കൂട്ടുകെട്ടിന്റെ ഏറ്റവും ഒടുവിലത്തെ നാടകമാണ് നിയമസഭയിൽ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇവർ രണ്ടല്ല, ഒന്നാണെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ്.

നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരേ നാമമാത്ര വിമർശനങ്ങൾ മാത്രമാണ്  പിണറായി സർക്കാർ ഉൾപ്പെടുത്തിയത്. എന്നാൽ അതുപോലും വായിക്കാതെ ഗവർണർ ഒഴിഞ്ഞുമാറി. ഡൽഹിയിൽ പദ്ധതിയിട്ട കേന്ദ്രവിരുദ്ധ പ്രക്ഷോഭം പൊടുന്നനവെ പൊതുസമ്മേളനമാക്കി. ഇക്കാര്യം സിപിഐ പോലും അറിഞ്ഞിട്ടില്ല. കേരളത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചെന്ന് സംസ്ഥാന സർക്കാർ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ ഒരു നിവേദനം പോലും കൊടുത്തില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ മുഖ്യമന്ത്രി ഭയഭക്തി ബഹുമാനത്തോടെ നിന്ന് പ്രീതി പിടിച്ചുപറ്റുകയാണ് ചെയ്തത്. കേന്ദ്രത്തിനെതിരേ മുൻ ഇടതു സർക്കാരുകൾ ഗംഭീര സമരങ്ങൾ നടത്തിയ ചരിത്രമുണ്ടെങ്കിലും പിണറായിയുടെ 8 വർഷക്കാലം കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

കിഫ്ബി ഇടപാടിൽ ധനമന്ത്രി ഡോ തോമസ് ഐസകിനെ ഇഡിയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തെങ്കിലും ഐസക് അതു മുഖ്യമന്ത്രിയുടെ കോർട്ടിലേക്കു തട്ടി. മുഖ്യമന്ത്രി ചെയർമാനായ  കിഫ്ബിയുടെ  ബോർഡാണ് തീരുമാനമെടുത്തതെന്ന ഐസക്കിന്റെ വാദം ശരിയാണെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എന്നാൽ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു നോട്ടീസുപോലും നല്കിയിട്ടില്ല. കേരളത്തെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ട കിഫ്ബി ഇടപാട് സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് ഇടപാട് അന്വേഷിക്കാൻ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആർഒസിയുടെ റിപ്പോർട്ട് കേന്ദ്രകോർപറേറ്റ് കാര്യമന്ത്രാലയത്തിനു വിട്ട് കേന്ദ്രം പിണറായിയെ സംരക്ഷിച്ചു. പിണറായി പ്രതിയായ ലാവ്ലിൻ കേസിൽ നീതിന്യായവ്യവസ്ഥയെ പ്രഹസനമാക്കുന്ന ഒളിച്ചുകളിയാണ് നടക്കുന്നത്.

ബന്ധപ്പെട്ട സിബിഐ അഭിഭാഷകർ അന്നേ ദിവസം സുപ്രീംകോടതിയിൽ എത്തുന്നില്ലെന്ന് കേന്ദ്രം ഉറപ്പാക്കുന്നു. തുടർന്ന് നിസഹായമാകുന്ന സുപ്രീംകോടതി കേസ് തുടർച്ചെ മാറ്റിവയ്ക്കുകയാണ്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാറ്റിവയ്ക്കപ്പെട്ട കേസ് എന്ന കുപ്രസിദ്ധി ഒരുപക്ഷേ ലാവ്ലിൻ കേസിനായിരിക്കും. കരുവന്നൂർ,അയ്യന്തോൾ, കണ്ടല ഉൾപ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ ഉന്നതർക്കു പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നുണ്ടെങ്കിലും അന്വേഷണം അവിടേക്ക് എത്തുന്നില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam