കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും ആഭ്യന്തര തർക്കങ്ങൾ. താൽക്കാലിക ഭരണസമിതിയിലുള്ള നടി ശ്വേതാ മേനോനെതിരെ വനിതാ അംഗങ്ങൾക്കിടയിൽ പടയൊരുക്കം ശക്തമാകുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചും ശ്വേതയുടെ തുടർച്ചയെക്കുറിച്ചും വനിതാ താരങ്ങളുടെ വാട്സാപ് കൂട്ടായ്മയായ ‘പെൺമക്കൾ’ ഗ്രൂപ്പിൽ ചർച്ചകൾ സജീവമായതിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നു.
നേരത്തെ ഈ വാട്സാപ് ഗ്രൂപ്പിൽ നിന്ന് ശ്വേതയെ പുറത്താക്കിയിരുന്നു. ഭരണസമിതിയുടെ നിലനിൽപ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാക്കിയും സംഘടനയിലെ 'പവർ ഗ്രൂപ്പിനെ' കടന്നാക്രമിച്ചും ശ്വേതാ മേനോൻ രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണം നേരിടുന്നവരാണ് തനിക്കെതിരെ ചിലരെ ഇളക്കിവിട്ട് അധിക്ഷേപിക്കുന്നതെന്ന് ശ്വേത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താൻ എക്സിക്യൂട്ടീവിൽ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്ക് വരാൻ അനുവദിക്കില്ലെന്നും അവർ തുറന്നടിച്ചു.
ശ്വേതയുടെ പോസ്റ്റിന് പിന്നാലെ നടി മാലാ പാർവതിയും എതിർപ്പുമായി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടുവെന്ന് ശ്വേത ആരോപിക്കുന്ന കുറ്റാരോപിതരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്തണമെന്ന് മാലാ പാർവതി ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ മാലാ പാർവതിയുടെ കുറിപ്പിന് താഴെ രൂക്ഷമായ പരിഹാസ മറുപടിയുമായി ശ്വേത എത്തിയതോടെ പോര് രൂക്ഷമായി. ‘‘കുറ്റാരോപിതർ ആരോക്കെയാണെന്നും ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ നന്നായി അറിയൂ’’ എന്നായിരുന്നു ശ്വേതയുടെ ചോദ്യം. ഇതോടെ താരസംഘടനയിലെ ഭിന്നതകളും ആരോപണ പ്രത്യാരോപണങ്ങളും കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
