കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ വിചാരണ മനപൂര്‍വം നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ കേസിലെ മുഴുവന്‍ (17) പ്രതികളുടെയും ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരുന്ന് വിചാരണ നേരിടട്ടെയെന്ന് വ്യക്തമാക്കിയാണ് തലശ്ശേരി മൂന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസിന്റെ അസാധാരണ നടപടി.
കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഈ മാസം 18 മുതല്‍ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ആരംഭിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കുകയും ഇവര്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാല്‍, ഇതിന് പിന്നാലെ കേസ് നിലവിലെ കോടതിയില്‍ നിന്ന് മാറ്റാന്‍ പ്രതിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതികളുടെ അഭിഭാഷകര്‍ വിസമ്മതിച്ചു. ഇന്ന് കോടതിയില്‍ ഹാജരായ പ്രതിഭാഗം അഭിഭാഷകരായ സുനില്‍ മഹേശ്വരന്‍ പിള്ള, എന്‍.ആര്‍ ഷാനവാസ് എന്നിവര്‍ ക്രോസ് വിസ്താരം നടത്തുന്നില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളുടെ അഭിഭാഷകനായ പി.വി ഹരി കോടതിയില്‍ എത്തിയില്ലെങ്കിലും ക്രോസ് വിസ്താരത്തിനില്ലെന്ന നിലപാട് അറിയിച്ചു. അഭിഭാഷകരുടെ ഈ തീരുമാനം തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ നാടകീയമായി മാറിയത്.
പ്രതിഭാഗം വിസ്താരം ബോധപൂര്‍വം ഒഴിവാക്കി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. പത്മനാഭന്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ച കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ജണ്‍ 14 വരെയാണ് കേസില്‍ നിലവില്‍ സാക്ഷി വിസ്താരം നിശ്ചയിച്ചിരിക്കുന്നത്.
പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലുണ്ടായ കാലതാമസം ഉള്‍പ്പെടെ വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ച കേസാണിത്. പ്രതികളെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നുവെന്ന വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ നീണ്ട എട്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ ഇപ്പോള്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്.
2018 ഫെബ്രുവരി 12 ന് രാത്രി പത്തരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെടുന്നത്. മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍, മാരകായുധങ്ങളുമായെത്തിയ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന സംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ആക്രമണം തടയുന്നതിനിടെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. കെ. ബൈജു (44), പി.പി. അന്‍വര്‍ സാദത്ത് (31), കെ. അഖില്‍ (31), കെ. സഞ്ജയ് (29), കെ. രജത് (30), കെ.വി. സംഗീത് (30), പി.കെ. അഭിനാഷ് (27), സി. നിജില്‍ (35), കെ.പി. പ്രശാന്ത് (56), എ.പി. സിനീഷ് (37), എ.കെ. സുബീന്‍ (33), വി. പ്രജിത്ത് (34) എന്നിവരാണ് മറ്റ് പ്രതികള്‍.
ആദ്യ കുറ്റപത്രത്തില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിലാണ് 6 പേരെക്കൂടി ഉള്‍പ്പെടുത്തി ആകെ പ്രതികളുടെ എണ്ണം 17 ആക്കിയത്. നിര്‍ണായകമായ സാക്ഷിവിസ്താരം പുരോഗമിക്കുന്നതിനിടെ ഉണ്ടായ കോടതി ഉത്തരവ് കേസില്‍ നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
