ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പോറ്റിയുടെ വീട്ടിലെത്തിയവരുടെയും സമ്മാനങ്ങൾ കൈപ്പറ്റിയവരുടെയും വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചു. ഇതിന്റെ ഭാഗമായി, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ പോറ്റിയുടെ വീട്ടിലെത്തിയിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയ അയൽവാസിയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. സന്ദർശനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഇതോടെ കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ്, രാജു എബ്രഹാം തുടങ്ങിയ നേതാക്കളുമായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കുണ്ടായിരുന്ന അടുപ്പവും അന്വേഷണ പരിധിയിലായി. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങൾ കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യം നേടി പുറത്തിറങ്ങിയതോടെ കേസിലെ മറ്റ് പ്രതികളുടെ ജയിൽമോചനത്തിനും സാധ്യത ഉയർന്നിട്ടുണ്ട്. ഈ മാസം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ എ. പത്മകുമാർ, എൻ. വാസു, കെ. എസ്. ബൈജു എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിക്കും. ഇതോടെ അറസ്റ്റിലായ 12 പ്രതികളിൽ ഏഴ് പേരെങ്കിലും ജയിൽ മോചിതരാകുന്ന സാഹചര്യമുണ്ടാകും.
ഇക്കാര്യങ്ങൾ മുൻകൂട്ടി കണക്കിലെടുത്ത് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും, കോടതി നിർദേശങ്ങൾ അനുസരിച്ച് കുറ്റപത്രം നൽകുന്നതുൾപ്പെടെയുള്ള തുടർനടപടികൾ തീരുമാനിക്കാനുമാണ് എസ്‌ഐടി ആലോചിക്കുന്നത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു മുമ്പേ കേസിൽ ജാമ്യം ലഭിച്ചവരിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു, മുൻ അസിസ്റ്റന്റ് എൻജിനീയർ എസ്. ശ്രീകുമാർ, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ എന്നിവരും ഉൾപ്പെടുന്നു. ശ്രീകുമാറിന് തെളിവുകളുടെ അഭാവത്തിലാണ് ജാമ്യം അനുവദിച്ചതെന്നും, മറ്റ് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണു ലഭിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
