പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാൻ എസ്.ഐ.ടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ 576 ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വർണത്തിൽ കണ്ടെത്താനുള്ളത് ഇനിയുമേറെയെന്നാണ് വിലയിരുത്തൽ.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് പോറ്റിയുടെ കസ്റ്റഡി. ഇനി ശബരിമലയിൽ തെളിവെടുപ്പ് നടത്തിയ ശേഷം രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെത്തിയ സ്വർണം അടക്കം അന്വേഷണ പുരോഗതി റിപ്പോർട്ടും ഉടൻ കോടതിയിൽ ഹാജരാക്കും.
മൂന്ന് തവണയായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും കൊണ്ടുപോയത് 4584 ഗ്രാം സ്വർണമാണെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. എന്നാൽ 2019ൽ തിരികെ സ്ഥാപിച്ച പാളികളിൽ പൂശിയിരിക്കുന്നത് 900.5 ഗ്രാം മാത്രമാണെന്നാണ് കണ്ടെത്തൽ.
ഇതിൽ തന്നെ 712 ഗ്രാം സ്വർണം ഗോവർധൻ ഉൾപ്പെട്ട വ്യക്തികൾ സംഭാവന നൽകിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ തൊണ്ടിയായി കണ്ടെത്തിയത് 576 ഗ്രാം സ്വർണം മാത്രമാണെന്നിരിക്കെ ബാക്കി സ്വർണത്തെക്കുറിച്ചും ദുരൂഹത തുടരുകയാണ്. മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണൻ പോറ്റിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചന കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
