തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
കടൽക്ഷോഭ സാധ്യത ഉയർന്നിരിക്കുന്നതിനാൽ കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, പടിഞ്ഞാറൻ കാറ്റ് ഇപ്പോഴും ദുർബലമായി തുടരുന്നതിനാൽ കേരളത്തിൽ കാലവർഷം വൈകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ജൂൺ ആദ്യത്തോടെ മാത്രമേ കാലവർഷം ശക്തമായി സജീവമാകാൻ സാധ്യതയുള്ളുവെന്ന് അധികൃതർ പറയുന്നു.
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് പടിഞ്ഞാറൻ കാറ്റിന്റെ കേരളത്തിലേക്കുള്ള സഞ്ചാരത്തെ ബാധിക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മാറിയാൽ മാത്രമേ കാലവർഷ പ്രവേശനത്തിന് അനുകൂല സാഹചര്യം ഉണ്ടാകൂ. മെയ് 26നകം കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
