കോഴിക്കോട്: അരി, പരിപ്പ്, പയർവർഗങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് തിരിച്ചടിയാകുന്നു. മൊത്തവിപണിയിൽ ഒരു മാസത്തിനിടെ പൊന്നി അരിക്ക് കിലോയ്ക്ക് 14 രൂപയും തുവരപ്പരിപ്പിന് 20 രൂപയും വർധിച്ചു. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര തുടങ്ങിയവയുടെ വിലയിലും വർധനയുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കിടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ ബാധിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ ഉൽപാദക സംസ്ഥാനങ്ങളിലെ കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധിയും എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും വില വർധനയ്ക്ക് കാരണമായതായി വിപണി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വടക്കൻ കേരളത്തിലെ പ്രധാന മൊത്തവിതരണ കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് വലിയങ്ങാടിയിലും വില വർധന പ്രകടമാണ്. ഒരു കിലോ പൊന്നി അരിയുടെ വില 73 രൂപയായി ഉയർന്നു. ഓണക്കാലത്ത് ഇത് 58 രൂപയായിരുന്നു. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്കും ഓണത്തിന് ശേഷം കിലോയ്ക്ക് മൂന്ന് രൂപയുടെ വർധനയുണ്ടായി.
ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വില കഴിഞ്ഞ ജൂലൈ മുതൽ ഉയരുകയാണ്. ഇടക്കാലത്ത് നേരിയ കുറവുണ്ടായെങ്കിലും ഇപ്പോൾ കിലോയ്ക്ക് 180 രൂപയായി. കോല അരിയുടെ വിലയും വർധിച്ചിട്ടുണ്ട്.
പലവ്യഞ്ജനങ്ങളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. തുവരപ്പരിപ്പിന് കിലോയ്ക്ക് 20 രൂപ കൂടിയപ്പോൾ കടലയ്ക്ക് 10 രൂപയും ഉഴുന്നിന് എട്ട് രൂപയും വൻപയറിന് 14 രൂപയും വർധിച്ചു. ചെറുപയറിനും വില കൂടിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലെ വിപണികളിൽനിന്നുള്ള സൂചനകൾ അനുസരിച്ച് അടുത്ത മാസങ്ങളിലും വില കുറയാനുള്ള സാധ്യത കുറവാണ്. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ നടത്തിയ ഇടപെടലുകൾ സഹായകമായിരുന്നു. സമാനമായ നടപടികൾ തുടർന്നില്ലെങ്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ് ഇനിയും ഉയരുകയും സാധാരണക്കാരുടെ അടുക്കള ബജറ്റ് കൂടുതൽ സമ്മർദത്തിലാകുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
