കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവാവിൽനിന്ന് 20,81,450 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയായ ഹൈമയ്ക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 316(2), 318(4) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.നേരിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും പിന്നീട് ഈ സൗഹൃദം പ്രണയബന്ധമായി വളരുകയായിരുന്നു.പിന്നാലെ യുവതി യുവാവിന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.കാൻസർ ചികിത്സയ്ക്കായി പണം ആവശ്യമുണ്ടെന്നതടക്കമുള്ള വിവിധ ന്യായങ്ങൾ പറഞ്ഞ് യുവതി പലതവണ പണം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് യുവതിയിൽനിന്ന് യാതൊരു വിവരവും ലഭിക്കാതായതോടെ സംശയം തോന്നിയ യുവാവ് നേരിട്ട് തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തി. അപ്പോഴാണ് യുവതി വിവാഹിതയാണെന്ന വിവരം ഇയാൾ അറിയുന്നത്. പിന്നാലെ നൽകിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും യുവതി നൽകാൻ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
