എറണാകുളം: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 20,000ഓളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പ്രവർത്തിച്ചവർക്കാണ് വോട്ട് ചെയ്യാൻ സാധിക്കാതിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം വോട്ട് ചെയ്യാൻ അവസരം നൽകാത്തതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി, ഇത് നിർഭാഗ്യകരമാണെന്നും വിമർശിച്ചു. രാജ്യത്തെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
റൂൾ 27 പ്രകാരം വോട്ട് അവകാശം നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കമ്മീഷനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും, ആവശ്യമായാൽ ഉത്തരവ് നൽകുമെന്നും കോടതി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനെതിരെ സർക്കാർ ജീവനക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ട്രോംഗ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാകില്ലെന്ന് കമ്മീഷൻ അറിയിച്ചു.
ഹർജിക്കാരിൽ ചിലർ ആവശ്യമായ ഫോമുകൾ സമർപ്പിച്ചില്ലെന്നും, ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരിച്ചു. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം.ജി. അനിൽ കുമാർ എന്നിവരാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
