റിയാദ്: നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തെത്തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിലും പരിശോധനയിലും ഇവർക്കെതിരായ സംശയങ്ങൾ നീങ്ങിയതോടെയാണ് അധികൃതർ വിട്ടയച്ചത്.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബെംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയ ശേഷം റിയാദിലേക്ക് പോകുന്നതിനിടെയാണ് ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞത്.
ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് ഉദ്യോഗസ്ഥർ കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ച് ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം ആശങ്കയിലായി. തുടർന്ന് ഇവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകുകയും ചെയ്തു.
റിയാദിലെ ആശുപത്രി അധികൃതരുമായും ഫിലോമിനയുടെ സഹപ്രവർത്തകരുമായും ബന്ധപ്പെട്ടപ്പോഴാണ് അവർ ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ കുടുംബം നിയമസഹായം തേടി. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് കണ്ടെത്തിയത്.
സൗദിയിൽ കർശന നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറിയത്. തുടർന്നുള്ള വിശദമായ അന്വേഷണത്തിലും പരിശോധനകളിലും ഇവർക്കെതിരായ സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമായി. ദുരുദ്ദേശത്തോടെ മരുന്ന് കൈവശം വെച്ചതല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ മോചനം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
