കൊച്ചി: ചികിത്സാപ്പിഴവാണ് തന്റെ വളർത്തുനായയുടെ ചലനശേഷി നഷ്ടപ്പെടാൻ കാരണമായതെന്ന ആരോപണവുമായി മൃഗാശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ച് ഉടമ. എറണാകുളം വടക്കൻ പറവൂരിലെ സർക്കാർ മൃഗാശുപത്രിക്കെതിരെയാണ് വിഷ്ണുപ്രസാദിന്റെ പരാതി. ഹസ്കി ഇനത്തിൽപ്പെട്ട അക്കീറയുടെ ചികിത്സാച്ചെലവ് ആശുപത്രി അധികൃതർ ഏറ്റെടുക്കുകയോ ദയാവധത്തിന് അനുമതി നൽകുകയോ വേണമെന്നാണ് ഇയാളുടെ ആവശ്യം.
രണ്ട് മാസം മുമ്പ് നായയുടെ വലതുകാലിന് ചലനബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് വിഷ്ണുപ്രസാദ് സർക്കാർ മൃഗാശുപത്രിയെ സമീപിച്ചത്. സാധാരണ പനിയാണെന്ന് അറിയിച്ച് മടക്കിയെന്നാണ് ഉടമയുടെ ആരോപണം. പിന്നീട് നായയുടെ ആരോഗ്യനില വഷളാകുകയും ചലനശേഷി ക്രമേണ നഷ്ടപ്പെടുകയും ചെയ്തു. തുടർപരിശോധനയ്ക്കായി രണ്ടുതവണ കൂടി എത്തിയപ്പോഴും കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും വിഷ്ണുപ്രസാദ് ആരോപിക്കുന്നു.
അവസ്ഥ ഗുരുതരമായതോടെ അക്കീറയെ മണ്ണൂത്തിയിലെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കരളിൽ മുഴ കണ്ടെത്തിയതായും രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും ഉടമ പറയുന്നു. നായയുടെ ആരോഗ്യനില പഴയതുപോലെയാകാനുള്ള സാധ്യത കുറവായതിനാൽ ദയാവധം പരിഗണിക്കാനാണ് അവിടത്തെ ഡോക്ടർമാർ നിർദേശിച്ചതെന്നാണ് വിഷ്ണുപ്രസാദിന്റെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ നായ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും അദ്ദേഹം കൈവിട്ടിട്ടില്ല.
സംഭവത്തിൽ പൊലീസിന് പരാതി നൽകിയ വിഷ്ണുപ്രസാദ് മൃഗസംരക്ഷണ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികാരികളിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് ആരോപണം. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനാണ് നിർദേശമെന്നും എന്നാൽ സാമ്പത്തിക നഷ്ടപരിഹാരത്തേക്കാൾ നായയുടെ ആരോഗ്യം വീണ്ടെടുക്കാനാണ് തനിക്ക് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് പണം കിട്ടിയിട്ട് എന്തിനാണ്? നായയെ പഴയ സ്ഥിതിയിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അത് കേൾക്കാൻ ആരും തയ്യാറല്ല,” വിഷ്ണുപ്രസാദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
