രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള അവസരം ലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി ഇന്ത്യൻ താരം സർഫറാസ് ഖാൻ. ആഭ്യന്തര ക്രിക്കറ്റിൽ നിരന്തരം തിളങ്ങിയിട്ടും ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കമ്മിറ്റി പരിഗണിക്കാത്തതിലെ നിരാശയാണ് താരം പ്രകടിപ്പിച്ചത്.
രാജ്യത്തിനായി കളിച്ചിട്ടും വീണ്ടും അതേ കഠിനാധ്വാനത്തിലൂടെ കടന്നുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് 29 കാരൻ വ്യക്തമാക്കി. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ റെയിൽവേസുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനത്തിൽ 55 റൺസ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ച് ഓർത്ത് കഷ്ടപ്പെടുന്ന പിതാവ് നൗഷാദിന്റെ കഠിനാധ്വാനമാണ് മുന്നോട്ട് പോകാനുള്ള പ്രചോദനമെന്ന് സർഫറാസ് കൂട്ടിചേർത്തു. 'എന്നെ കാണാൻ ആഗ്രഹിക്കുന്നവർ രാവിലെ 6 മണിക്ക് ആസാദ് മൈതാനത്തോ ക്രോസ് മൈതാനത്തോ വന്നാൽ മതി'അദ്ദേഹം പറഞ്ഞു. നാട്ടിലെ ടേണിംഗ് പിച്ചുകളിൽ മാത്രം അവസരം നൽകുമെന്ന സെലക്ടർമാരുടെ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ എ ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങളും സെഞ്ച്വറികളും സർഫറാസ് ഓർമ്മിപ്പിച്ചു.
2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലൂടെയായിരുന്നു മുംബൈ താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 6 ടെസ്റ്റുകളിൽ നിന്നായി 37.10 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. 2024 നവംബറിൽ മുംബൈയിൽ ന്യൂസിലൻഡിനെതിരെയാണ് അവസാനമായി താരം ദേശീയ കുപ്പായമണിഞ്ഞത്. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിൽ സർപ്രൈസ് സാന്നിധ്യമായെത്തിയ സർഫറാസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നാട്ടിലെ ദുഷ്‌കരമായ പിച്ചുകളിൽ തിളങ്ങുക എളുപ്പമല്ലെങ്കിലും, തന്റെ ജോലി ക്രിക്കറ്റ് കളിക്കുക മാത്രമാണെന്നും അതിനായി മുന്നോട്ട് പോകുമെന്നും സർഫറാസ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മത്സരത്തിന്റെ ആദ്യ ദിനം സർഫറാസിന്റെയും അംഗ്കൃഷ് രഘുവംശിയുടെയും (78) ബാറ്റിങ് കരുത്തിൽ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
