തിരുവനന്തപുരം : വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയ ശേഷം എസ്.ഐയിൽ നിന്നും സർക്കാരിന് തുക നിയമാനുസൃതം ഈടാക്കാമെന്നും ഉത്തരവിൽ പറഞ്ഞു. 2 മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രസ്തുത കാലയളവിന് 8 ശതമാനം പലിശ നൽകണം. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിക്കണം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്.ഐ. കണ്ണൂകൾക്ക് നീറ്റലുണ്ടാകുന്ന വിധത്തിൽ ഏതോ ദ്രാവകം മുഖത്തേക്ക് സ്പ്രേ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറഞ്ഞു. മർദ്ദനമേറ്റതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് അന്വേഷണം മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗത്തിലെ പോലീസ് സൂപ്രണ്ടിന് കമ്മീഷൻ കൈമാറി.
പരാതിക്കാരൻ എസ്.ഐയുടെ മുറിയിൽ നിന്നും കരഞ്ഞു കൊണ്ടാണ് ഇറങ്ങിയതെന്നും വാഷ് ബേസിൻ എവിടെയാണെന്ന് ചോദിച്ചതായും പോലീസ് സാക്ഷികൾ മൊഴി നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് ചികിത്സ തേടിയ മെഡിക്കൽ കോളേജിലും കണ്ണാശുപത്രിയിലും പെപ്പർ സ്പ്രേ അടിച്ചതായി പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കണ്ണിൽ ചുവപ്പു നിറമുണ്ടായിരുന്നെന്നുംപെപ്പർ സ്പ്രേ അടിച്ചാൽ ഇപ്രകാരം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ചികിത്സിച്ച ഡോക്ടർ മൊഴിനൽകി. എന്നാൽ എസ്.ഐ. ആരോപണങ്ങൾ നിഷേധിച്ചു.
എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. വാച്യാ അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
