ചികിത്സപ്പിഴവ് മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ ആശുപത്രിയും ചികിത്സിച്ച ഡോക്‌ടർമാരും ചേർന്ന് 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു കാസർകോട് ഉപഭോക്തൃകോടതി. പനത്തടി സ്വദേശിയും എൻഡോസൾഫാൻ ദുരിതബാധിതനുമായ ഷിൻസി മാത്യു(21) മരിച്ച സംഭവത്തിലാണ് കോടതി വിധി.
അതേസമയം കാഞ്ഞങ്ങാട് അരിമല ആശുപത്രി മാനേജിങ് ഡയറക്‌ടർക്കും, ഡോക്‌ടർമാരായ ഡോ. ജയപ്രകാശ് പി.ഉപാധ്യായ, ഡോ. സാദിഖ് എന്നിവർക്കുമെതിരെയാണ് വിധി. 13.3 ലക്ഷം രൂപ ചികിത്സപ്പിഴവിനുള്ള നഷ്ടപരിഹാരവും 25,000 രൂപ ആംബുലൻസ് ചെലവും ആറുശതമാനം പലിശയും ഉൾപ്പെടെ 19 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
2017 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് സർജൻ ഡോ. ജയപ്രകാശ് അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ഇതിനുമുൻപായി ഡോ. സാദിഖ് അനസ്തേഷ്യ നൽകിയെങ്കിലും പിന്നീട് ബോധം തിരിച്ചുകിട്ടിയില്ല. തുടർന്ന് മംഗളൂരുവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.
മകൻ മരിച്ച സംഭവത്തിൽ പിതാവ് കെ.എസ്.മാത്യുവും അമ്മ തങ്കമ്മ മാത്യുവുമാണ് പോലീസിലും കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണ പിള്ള കണ്ടെത്തി. അഡ്വ. എം.സി.ജോസും കെ.രാജീവുമാണ് വാദികൾക്കുവേണ്ടി കോടതിയിൽ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
