കൊല്ലം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഉപയോഗ ശേഷം സൂക്ഷിച്ചിരിക്കുന്നത് അപൂര്‍വ മൂലകങ്ങള്‍ അടങ്ങിയ ഒന്നേകാല്‍ ലക്ഷം ടണ്‍ കരിമണല്‍. ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍കോണ്‍ എന്നിവ വേര്‍തിരിച്ചെടുത്ത ശേഷം കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് നിലവറകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
25 ശതമാനം മോണോസൈറ്റ് അടങ്ങിയ അപൂര്‍വ ധാതുക്കളുടെ കലവറയാണിത്. വേര്‍തിരിച്ചെടുത്താല്‍ ശതകോടികള്‍ മൂല്യമുള്ള ധാതുക്കള്‍ വര്‍ഷങ്ങളായി ഈ നിലവറകളില്‍ സൂക്ഷിക്കുകയാണ്. ഖനനത്തിനോ സംസ്‌കരണത്തിനോ കെ.എം.എം.എല്ലിന് അനുമതിയില്ലാത്തതാണ് കാരണം. 1980 മുതല്‍ ശേഖരിച്ചിരിക്കുന്ന ഈ മണലില്‍(മോണോസൈറ്റ് ടെയ്ലിങ്‌സ്)നിന്ന് റേഡിയോ ആക്ടീവായ മോണോസൈറ്റും തോറിയവും മറ്റും വേര്‍തിരിച്ചെടുക്കാനാകും.
കെ.എം.എം.എല്ലില്‍ ഒരുവര്‍ഷം 60,000 ടണ്‍ ഇല്‍മനൈറ്റ് വേര്‍തിരിക്കുന്നുണ്ട്. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് നിര്‍മാണത്തിനുള്ള പ്രധാന അസംസ്‌കൃതവസ്തുക്കളാണ്. കൂടാതെ ബഹിരാകാശ, പ്രതിരോധ മേഖലകളില്‍ ഉപയോഗിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മാണത്തിനും ഇവ വേണം. ഇതിനു പുറമേ സിലിമനൈറ്റ്, സിര്‍ക്കോണ്‍ എന്നീ മൂലകങ്ങളും വേര്‍തിരിച്ചെടുക്കുന്നുണ്ട്.
മണലില്‍ അപൂര്‍വ ധാതുവായ മോണാസൈറ്റും തോറിയം, ലന്താനം തുടങ്ങിയ അപൂര്‍വ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍, കേന്ദ്ര ബജറ്റില്‍ പറയുന്ന, അപൂര്‍വ ധാതു ഇടനാഴി സഹായകമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴ തോട്ടപ്പള്ളിവരെയുള്ള തീരപ്രദേശങ്ങളില്‍ മൂന്നേകാല്‍ക്കോടി ടണ്‍ കരിമണല്‍ നിക്ഷേപമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
