കൊച്ചി: ബ്രഹ്മപുരത്ത് തെരുവുനായ ഷെൽറ്ററിന്റെ നിർമാണം പുതിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കും. ഒരു കോടി രൂപയാണ് പദ്ധതിക്കായി നിലവിൽ മാറ്റിവെച്ചിട്ടുള്ളതെങ്കിലും, ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കാൻ കോർപറേഷൻ തയ്യാറാണ്. നിലവിലുണ്ടായിരുന്ന നാല ഏക്കറിന് പുറമേ ഏറ്റെടുത്ത ഒരേക്കറിലാണ് പുതിയ ഷെൽറ്റർ പൂർണ്ണമായും നിർമിക്കുന്നത്. കൂടാതെ, ആകെ അഞ്ച് ഏക്കറിലെ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിന്റെ അർബൻ ചാലഞ്ച് പദ്ധതി വഴി 60 കോടി രൂപയുടെ ഫണ്ട് തേടി കോർപറേഷൻ അപേക്ഷ നൽകിയിട്ടുണ്ട്.
ബി.പി.സി.എൽ. നൽകിയ ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട ജോലികൾ ആരംഭിച്ചത്. നിലവിലെ നാല ഏക്കറിലുള്ള എ.ബി.സി. കേന്ദ്രത്തിന്റെ ശേഷി വർധിപ്പിക്കുകയും തെരുവുനായ്ക്കളെ നിരീക്ഷിക്കാൻ കൂടുതൽ കൂടുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ നിലവിലുള്ള കേന്ദ്രത്തിലെ പ്രതിമാസ ശസ്ത്രക്രിയകളുടെ എണ്ണം 60-ൽ നിന്ന് 150 ആയി ഉയർത്തി. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണവും പേവിഷ പ്രതിരോധ കുത്തിവെയ്പും പൂർത്തിയാക്കി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
തെരുവുനായ്ക്കളെ ദത്തെടുക്കാനും പരിപാലിക്കാനും സഹായിക്കുന്ന പ്രത്യേക ആപ്പ് രണ്ടു മാസത്തിനുള്ളിൽ പുറത്തിറക്കാൻ കോർപറേഷൻ ലക്ഷ്യമിടുന്നു. നായ്ക്കളെ ദത്തെടുക്കാൻ താല്പര്യമുള്ളവർക്ക് ജിയോ ടാഗ് ചെയ്ത ശേഷമായിരിക്കും കൈമാറുക.
തുടർന്ന് ഇവയുടെ പരിപാലനം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. നായ്ക്കളെ വളർത്തുന്നവർക്ക് ഭക്ഷണച്ചെലവിനായി പ്രതിദിനം 40 രൂപ വീതം നൽകുന്ന കാര്യവും കോർപറേഷൻ പരിഗണിക്കുന്നുണ്ട്. ഇതിനായുള്ള ഫണ്ട് ആപ്പ് വഴി പൊതുജനങ്ങളിൽ നിന്നും മൃഗസ്നേഹികളിൽ നിന്നും സ്വരൂപിക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
