ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സജിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് നടപടി സ്വീകരിച്ചത്. മെയ് 4ന് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയത് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകനായ സജിയാണെന്ന് പൊലീസ് വ്യക്തമാക്കി. സ്വത്ത് തർക്കവും വിവാഹവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
ഞായറാഴ്ചയാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ സജി ഒളിവിൽ പോയി. വീടിന് സമീപമുള്ള മലമുകളിൽ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ഇയാൾ പിടിയിലായത്.
വീട്ടിനോട് ചേർന്ന പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് തിരച്ചിൽ ശക്തമാക്കി. പൊലീസ് നായയും ഡ്രോണും ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ സജിയെ കണ്ടെത്തുകയായിരുന്നു.
വീട്ടിനുള്ളിൽ വെച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് സജി സമ്മതിച്ചു. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും കൊന്നതായും, അമ്മ മേരിക്കുട്ടിയെ അടിച്ചും ഭിത്തിയിലേക്ക് എറിഞ്ഞും കൊലപ്പെടുത്തിയതായും പ്രതി മൊഴി നൽകി. മൃതദേഹങ്ങൾ രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞുവെച്ച ശേഷം മൂന്നാം ദിവസം കുഴിച്ചുമൂടിയതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം ദിവസങ്ങളോളം സജി വീട്ടിൽ തന്നെ കഴിഞ്ഞതായും പൊലീസ് പറയുന്നു. 2018ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവവും പൊലീസ് വീണ്ടും പരിശോധിക്കുമെന്ന് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
