നെടുമ്പാശേരി: മിനികൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനും കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്കും ജാമ്യം തേടി നീക്കം. സുഹൈൽ സജീവിനും നിനവ്, ജോയൽ, അമീൻ എന്നിവർക്കും വേണ്ടി അഭിഭാഷകർ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. പൊലീസ് റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കോടതി അപേക്ഷകൾ പരിഗണിക്കുക.
അതേസമയം, സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്യും. അപകടവുമായി ബന്ധപ്പെട്ട് സുഹൈലിനെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്തും സുഹൈൽ മദ്യപിച്ചെന്ന് പറയുന്ന ബാറുകളിലും പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയുടെ രക്തസാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇയാൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാകൂ. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാതിരുന്നതിന്റെ പേരിലാണ് കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സാമ്പത്തികശേഷിയും സ്വാധീനവുമുള്ള സുഹൈൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിച്ചശേഷം വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ടിലുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സുഹൈലിന്റെ പേര് രേഖപ്പെടുത്തുന്നതിനുപകരം കെ.എൽ 07 സി.ആർ 1001 എന്ന കാറിന്റെ ഡ്രൈവർ എന്നാണ് എഫ്.ഐ.ആറിൽ പരാമർശിച്ചിരിക്കുന്നത്. വിലാസം അജ്ഞാതമെന്നും രേഖപ്പെടുത്തി. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന കാര്യവും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഞായറാഴ്ച പുലർച്ചെ 1.45നാണ് അപകടമുണ്ടായത്. രാവിലെ 6.59നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
16നും 21നും ഇടയിൽ പ്രായമുള്ള ശിക്ഷിക്കപ്പെട്ടവരെ പാർപ്പിക്കാനുള്ള സ്ഥാപനമാണ് ബോസ്റ്റൽ സ്കൂൾ എന്നാണ് നിയമത്തിൽ പറയുന്നത്. ജയിൽച്ചട്ടങ്ങളിലും ഇതുസംബന്ധിച്ച വ്യവസ്ഥകളുണ്ട്. എന്നാൽ, റിമാൻഡ് പ്രതിയായ സുഹൈലിനെ അവിടെ പാർപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
