ഐ.പി.എൽ ലേലത്തിന് മുന്നോടിയായി 14.2 കോടിക്ക് സ്വന്തമാക്കിയ യുവതാരത്തെ കൈവിടാൻ ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ തവണത്തെ മിനി താരലേലത്തിൽ ഒരു അൺക്യാപ്ഡ് താരത്തിന് നൽകുന്ന ഏറ്റവും ഉയർന്ന തുകയായ 14.2 കോടി രൂപ നൽകി സ്വന്തമാക്കിയ ഉത്തർപ്രദേശ് ഓൾറൗണ്ടറായ പ്രശാന്ത് വീറിനെ റിലീസ് ചെയ്യാനാണ് ചെന്നൈ ആലോചിക്കുന്നത്.
20കാരനായ പ്രശാന്ത് കഴിഞ്ഞ ഐ.പി.എൽ സീസണിൽ സി.എസ്.കെയ്ക്കായി ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 90 റൺസ് മാത്രമാണ് നേടിയത്. ഇതിൽ 43 റൺസ് ആർ.സി.ബിക്കെതിരായ ഒറ്റ മത്സരത്തിൽ നേടിയതാണ്. ബൗളിംഗിൽ രണ്ട് ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
യു.പി. ടി20 ലീഗിലെ മികച്ച പ്രകടനമാണ് പ്രശാന്തിനായി ലേലത്തിൽ വലിയ തുക മുടക്കാൻ
ചെന്നൈയെ പ്രേരിപ്പിച്ചത്. ലീഗിൽ 155ലേറെ സ്‌ട്രൈക്ക് റേറ്റിൽ 320 റൺസും 8 വിക്കറ്റും താരം നേടിയിരുന്നു. ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിന്റെ ആരാധകനായ പ്രശാന്തിനെ സഹതാരങ്ങളും പരിശീലകരും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമായി ഉപമിച്ച് 'മില്ലർ' എന്നാണ് വിളിച്ചിരുന്നത്. അതേസമയം, പ്രശാന്തിനൊപ്പം 14.2 കോടിക്ക് ടീമിലെത്തിയ 20കാരൻ കാർത്തിക് ശർമ്മ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 11 ഇന്നിംഗ്‌സുകളിൽ നിന്ന് 136.57 സ്‌ട്രൈക്ക് റേറ്റിൽ 295 റൺസ് കാർത്തിക് നേടി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ 71 റൺസ് പ്രകടനം അടക്കം രണ്ട് അർധസെഞ്ചുറികളും അരങ്ങേറ്റ സീസണിൽ കാർത്തിക് കുറിച്ചു.
നിലവിൽ താരങ്ങളെ നിലനിർത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് സി.എസ്.കെ അന്തിമ തീരുമാനമെടുത്തിട്ടില്ല. നവംബർ 15നകം 10 ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടെൻഷൻ പട്ടിക പുറത്തുവിടേണ്ടതുണ്ട്. പ്രശാന്ത് വീറിനെ ഒഴിവാക്കുകയാണെങ്കിൽ ഡിസംബറിൽ ഗോവയിൽ വെച്ച് നടക്കുന്ന മിനി ലേലത്തിൽ വലിയ തുകയുമായി സി.എസ്.കെയ്ക്ക് ലേലത്തിൽ പങ്കെടുക്കാനാകും. ആവശ്യമാണെങ്കിൽ ലേലത്തിൽ കുറഞ്ഞ തുകയ്ക്ക് താരത്തെ തിരികെ പിടിക്കാനും സി.എസ്.കെയ്ക്ക് അവസരമുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
