ആലപ്പുഴ: മുനമ്പം വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ലത്തീന്‍സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ലേഖനത്തില്‍ ഇതര കത്തോലിക്ക സഭകളെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന അറുനൂറിലധികം കുടുംബങ്ങളില്‍ നാനൂറോളവും ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരാണ്. അതുകൊണ്ടു തന്നെ ഈ വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുനമ്പം ഭൂപ്രശ്‌നം ക്രൈസ്തവ-മുസ്ലീം സംഘര്‍ഷ വിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.
കേരളത്തിന്റെ മലയോര, കുടിയേറ്റ മേഖലകളില്‍ ചലനം സൃഷ്ടിക്കാനായത് പോലെ തീരത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റംകൊള്ളുന്നവര്‍ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്ത് തന്നെ അടിഞ്ഞുകൂടുന്നത് കാണാന്‍ എത്രകാലം വേണമെന്നാണ് പരിഹസിച്ചിരിക്കുന്നത്. ഇത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം.
മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെസിബിസി അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലീമീസും സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും വഖഫ് ഭേദഗതി ബില്‍ പുനപരിശോധിക്കാന്‍ ചുമതലപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) നിവേദനം അയച്ചിരുന്നു.
ജെപിസിയുടെ ഭേദഗതികള്‍ അടങ്ങിയ ബില്‍ ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചപ്പോഴും കെസിബിസിയും സിബിസിഐയും ഇറക്കിയ പ്രസ്താവനകള്‍ അനുസ്മരിച്ച് മുനമ്പത്തെ 'ക്രൈസ്തവരുടെ പ്രശ്‌നം' ഹൈലൈറ്റ് ചെയ്തെന്നും പരിഹാസരൂപേണ പറയുന്നു.
655 പേജുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ഒരിടത്തും മുനമ്പം പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. മുന്‍കാല പ്രാബല്യമില്ലാത്തതാണ് വഖഫ് ഭേദഗതി നിയമമെന്ന് അമിത്ഷായും കിരണ്‍ റിജിജുവും ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം പ്രശ്‌നത്തിന് പ്രതിവിധിയായി ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന വ്യവസ്ഥ ഏതാണെന്ന് ഹൈബി ഈഡന്‍ എംപി ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോര്‍ജ് കുര്യനെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടിയിരുന്നു.
ബിജെഡി സഭാകക്ഷി നേതാവും എംപിയുമായ സസ്മിത് പാത്ര ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. സിബിസിഐയുടെ ആഹ്വാനം ചെവിക്കൊണ്ടാണ് താന്‍ ബില്ലിനെ പിന്താങ്ങിയതെന്ന് അദ്ദേഹം ഏറ്റുപറയുന്നുണ്ടെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്