തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും വടക്കന്‍-മധ്യ കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലെ പുതുക്കിയ അലര്‍ട്ടുകള്‍ പ്രകാരം ജൂലൈ 5 ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ജൂലൈ 6, 7 തീയതികളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് അടക്കമുള്ള വിവിധ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കടല്‍ക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ശനമായി തുടരും.
മഴ കനത്തതോടെ തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നതും താലൂക്കുകളില്‍ നിന്നുള്ള അടിയന്തര റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് മുന്‍കരുതല്‍ നടപടി.
കനത്ത മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളില്‍ താമസിക്കുന്നവരും, നദിക്കരകളിലും ഡാമുകളുടെ താഴത്തെ പ്രദേശങ്ങളിലും ഉള്ളവരും അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ തയ്യാറാകണം.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ പകല്‍ സമയത്ത് തന്നെ തദ്ദേശ സ്വയംഭരണ-റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലേക്ക് മാറുന്നത് സുരക്ഷിതത്വമുറപ്പാക്കും. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ കഴിയുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
