തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി. സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകൾ ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനത്തിലൂടെ മൂല്യനിർണയം നടത്തിയതെന്നാണ് ആഭ്യന്തര വിജിലൻസിന്റെ കണ്ടെത്തൽ.
ഓൺസ്‌ക്രീൻ മാർക്കിങ് (OSM) സംവിധാനത്തിന് സുരക്ഷാ ഓഡിറ്റും ഐ.ടി. പരിശോധനയും നിർബന്ധമാണെന്ന റിപ്പോർട്ടുകൾ ലഭിച്ചിരുന്നെങ്കിലും പി.എസ്.സി അവ അവഗണിച്ചതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ മൂല്യനിർണയവും ഐ.ടി. സുരക്ഷാ ഓഡിറ്റ് നടത്താത്ത ഇതേ സംവിധാനത്തിലൂടെയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഉപയോഗിച്ച സോഫ്റ്റ്‌വെയറിൽ മുമ്പും സുരക്ഷാ പാളിച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണം വ്യക്തമാക്കുന്നു. ഇതിന് പുറമെ, പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ച സംഭവവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പി.എസ്.സിയുടെ പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ഈ ഗുരുതര സുരക്ഷാ വീഴ്ചകൾ പുറത്തുവന്നിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
