തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പ്ലാസ്റ്റിക്, പിവിസി അടങ്ങിയ നിരോധിത വസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകി.
മെറ്റീരിയൽ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിന് തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ ടി ഷാഹുൽ ഹമീദ്, എ എൻ അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടർ നാരായണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അവിനാഷ്, കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത തമ്പി, എം കെ സുബൈർ, ഡി ആർ രജനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. ഹരിത തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിലുള്ള പ്രിന്റിങ് കേന്ദ്രങ്ങളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാർ, ജില്ലാ ശുചിത്വമിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള തോരണങ്ങൾ, ബോർഡുകൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ രാകേഷ് എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
