കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

SEPTEMBER 15, 2026, 7:14 AM

കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ 67കാരൻ കൊല്ലപ്പെട്ട കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പുറത്തുകൊണ്ടുവരാൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. ജെജെബി ഉത്തരവിനെതിരെ കുട്ടികൾ നൽകിയ ക്രിമിനൽ റിവിഷൻ ഹർജി ജസ്റ്റിസ് ജി. ഗിരീഷ് തള്ളി.

തെളിവെടുപ്പ് നടപടികൾക്കിടെ കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ ജെജെബി ഏർപ്പെടുത്തിയ 13 കർശന വ്യവസ്ഥകൾ മതിയായ സംരക്ഷണം നൽകുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. തെളിവെടുപ്പിന്റെ തീയതിയും സമയവും മുൻകൂട്ടി പരസ്യപ്പെടുത്താത്തത് ആൾക്കൂട്ടം ഒഴിവാക്കുന്നതിനാണെന്നും കോടതി വ്യക്തമാക്കി.

ഗുരുതര കുറ്റകൃത്യങ്ങളിൽ കുട്ടികൾ പ്രതികളാകുമ്പോൾ അന്വേഷണം നടത്തുന്നതിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പ്രത്യേക സംരക്ഷണ വ്യവസ്ഥകളുണ്ടെങ്കിലും ക്രിമിനൽ അന്വേഷണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുന്ന വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പ്രകാരം അന്വേഷണം നടത്തുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാൽ നടപടികൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സംരക്ഷണ വ്യവസ്ഥകൾ പാലിച്ചായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

കുട്ടികളെ സുരക്ഷിതമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന ‘എസ്കോർട്ടഡ് മൂവ്‌മെന്റ്’ സംവിധാനത്തിന് ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വിലക്കില്ലെന്നും തെളിവെടുപ്പിനും ഈ രീതി പ്രയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.

തെളിവെടുപ്പ് സമയത്ത് വനിതാ ശിശു സംരക്ഷണ ഓഫീസറുടെയും ശിശുക്ഷേമ ഓഫീസറുടെയും സാന്നിധ്യം ഉറപ്പാക്കാൻ ജെജെബി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നുള്ള മാനസിക സമ്മർദമോ ഭീഷണിയോ ഉണ്ടാകാനുള്ള സാധ്യത തടയാൻ ഈ സംവിധാനം സഹായിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 17നാണ് കരുവാറ്റ സ്വദേശിയായ 67കാരൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ 13 വയസുള്ള ചെറുമകളും മറ്റ് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ഹരിപ്പാട് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ നാല് കുട്ടികളും ആലപ്പുഴയിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്.

vachakam
vachakam
vachakam

ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെ ചോദ്യം ചെയ്യുന്നതിനും ഇവി ചാർജിങ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും അനുമതി നൽകി സെപ്റ്റംബർ ഏഴിനാണ് ജെജെബി ഉത്തരവിട്ടത്. തുടർന്ന് ഉത്തരവിനെതിരെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ വിശദമായ വാദം കേട്ട ശേഷമാണ് ഹർജി തള്ളിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam