കളമശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂനംതൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായ സ്പാ ഉടമ ശ്രീരാജ്, സുഹൃത്ത് ജിത് മാര്‍ട്ടിന്‍ എന്നിവരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ പങ്കാളികളായ വയനാട് സ്വദേശിനിയായ 23 കാരി, സഞ്ജു എന്ന യുവാവ് എന്നിവരെ ഇനി പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം സംഭവത്തിൽ കൂടുതല്‍ പ്രതികളുണ്ടെന്ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. അവരിലേക്കും അന്വേഷണം വേണമെന്നും തന്റെ ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് പീഡനത്തിരയാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവ് വിശദീകരിച്ചു.
സ്പായില്‍ ജോലിക്ക് ആള ആവശ്യമുണ്ടെന്ന വ്യാജ പരസ്യം നല്‍കിയാണ് പ്രതികള്‍ യുവതിയെ കെണിയില്‍പ്പെടുത്തിയത്. ആകര്‍ഷകമായ ശമ്പളവും ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുള്ള പരസ്യം കണ്ട് ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് പരാതിക്കാരിയായ യുവതി ഇന്റര്‍വ്യൂവിനായി എത്തിയത്. തുടര്‍ന്ന് അന്നുരാത്രി ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ലോഡ്ജിലെത്തിച്ച യുവതിക്ക് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷമാണ് ശ്രീരാജും ജിത്ത് മാര്‍ട്ടിനും ചേര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ യുവതി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്രുര പീഡനത്തിന് ഇരയായ യുവതി നിലവില്‍ ട്രോമയിലാണ്. ആരെയും തിരിച്ചറിയാത്ത നിലയിലാണ് നിലവിലുള്ളത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ച് കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. മുമ്പ് ഗര്‍ഭഛിത്രത്തിന് വിധേയമായതിന് പിന്നാലെ യുവതി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കൃത്യമായ ശ്രദ്ധയോടെയും പരിചരണം നല്‍കിയുമായിരുന്നു മുന്നോട്ട് പോയിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ മറ്റൊരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ട്രാവല്‍സ് ജോലിയുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്ന ഘട്ടത്തിലാണ് യുവതിക്ക് ജോലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള സന്ദേശം വരുന്നത്. അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചെന്ന് അറിയിച്ച് വീണ്ടും വിളിച്ച് വരുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
