ആൻജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണം:ഡോ. ജോ ജോസഫ്

OCTOBER 6, 2026, 1:17 AM

കൊച്ചി: ആൻജിയോപ്ലാസ്റ്റി അനാവശ്യമായി ചെയ്യുന്നത് ഒഴിവാക്കണമെന്നുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിൽ എതിർപ്പ് പ്രകടിപ്പിച്ച്  പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രസ്താവനയിൽ മുഖ്യമന്ത്രി വ്യക്തത വരുത്തുകയോ തിരുത്തുകയോ വേണമെന്നും ജോ ജോസഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

 'ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു' എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സിൽ സംശയം സൃഷ്ടിച്ചാൽ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. ഹൃദയാഘാതം സംഭവിച്ച ഒരാൾ അടിയന്തര പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദേശിക്കപ്പെട്ടതും 'ഇത് ശരിക്കും ആവശ്യമാണോ?' എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഡോക്ടർ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

vachakam
vachakam
vachakam

ഒരു ഹൃദ്രോഗ വിദഗ്ധൻ എന്ന നിലയിൽ ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിൽ കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ആൻജിയോപ്ലാസ്റ്റിയെയും അതിൽ ഉപയോഗിക്കുന്ന കൊറോണറി സ്‌റ്റെന്റുകളെയും കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയുള്ളതിനാൽ, ചില വസ്തുതകൾ വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യമായി, കൊറോണറി സ്റ്റെന്റുകളുടെ വിലയെക്കുറിച്ചുള്ള പരാമർശം.

ഇന്ത്യയിൽ കൊറോണറി സ്റ്റെന്റുകളുടെ ceiling price ആശുപത്രികളോ ഡോക്ടർമാരോ തീരുമാനിക്കുന്നതല്ല. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി-എൻപിപിഎ ആണ് വില നിശ്ചയിക്കുന്നത്. 2026 ഏപ്രിൽ 1 മുതൽ Drug-Eluting സ്റ്റെന്റുകളുടെ ceiling price 39,186.03 ആണ്. അതുകൊണ്ട് ഒരു സ്റ്റെന്റിന്റെ വില 1.20 ലക്ഷം എന്ന തരത്തിലുള്ള പ്രസ്താവന നിലവിലുള്ള ഔദ്യോഗിക വിലയുമായി പൊരുത്തപ്പെടുന്നില്ല.

vachakam
vachakam
vachakam

രണ്ടാമത്തെയും അതിലേറെ പ്രധാനപ്പെട്ടതുമായ വിഷയം, ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാത്ത രോഗികൾക്കും അത് വ്യാപകമായി നിർബന്ധിച്ച് ചെയ്യിക്കുന്നു എന്ന ധാരണ സൃഷ്ടിക്കുന്ന പരാമർശമാണ്.

ആൻജിയോപ്ലാസ്റ്റി എല്ലാ രോഗികൾക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ ആൻജിയോപ്ലാസ്റ്റികളും ഒരേ ക്ലിനിക്കൽ സാഹചര്യത്തിൽ ചെയ്യുന്നവയുമല്ല. സ്റ്റേബിൽ കൊറോണറി ആർട്ടെറി ഡിസീസ് ഉള്ള ചില രോഗികളിൽ മരുന്ന് ചികിത്സ, കൂടുതൽ പരിശോധന, ഫിസിയോളജി അസസ്സ്‌മെന്റ്, സെക്കൻഡ് ഒപ്പീനിയൻ എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ ക്ലിനിക്കൽ ജഡ്ജ്‌മെന്റ് ആവശ്യമാണ്. എന്നാൽ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളിൽ സ്ഥിതി പൂർണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് 'Time is Muscle' എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതൽ ഹൃദയപേശി നഷ്ടപ്പെടാൻ ഇടയാക്കാം.

കേരളത്തിൽ നിലവിൽ തന്നെ ഹാർട്ട് അറ്റാക്കിന് ശേഷം രോഗികൾ ആശുപത്രിയിലെത്തുന്നതിൽ ഗണ്യമായ താമസം ഉണ്ടെന്ന് പഠനങ്ങൾ കാണിച്ചിട്ടുണ്ട്. ACS QUIK പഠനത്തിൽ symptom onset മുതൽ ഹോസ്പിറ്റൽ പ്രസന്റേഷൻ വരെ മീഡിയൻ സമയം പുരുഷന്മാരിൽ 238 മിനിറ്റും സ്ത്രീകളിൽ 300 മിനിറ്റുമായിരുന്നു. സ്ത്രീകൾക്ക് primary PCI ലഭിക്കുന്നതും താരതമ്യേന കുറവായിരുന്നു.

vachakam
vachakam
vachakam

ഈ സാഹചര്യത്തിൽ ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു' എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സിൽ സംശയം സൃഷ്ടിച്ചാൽ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാം. ഹൃദയാഘാതം സംഭവിച്ച ഒരാൾ അടിയന്തര പ്രൈമറി ആൻജിയോപ്ലാസ്റ്റി നിർദേശിക്കപ്പെട്ടതും 'ഇത് ശരിക്കും ആവശ്യമാണോ?' എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതേസമയം മറ്റൊരു കാര്യവും വ്യക്തമായി പറയണം.

ഒരു കാർഡിയോളജിന്റോ ആശുപത്രിയോ മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമായി അനാവശ്യമായ പ്രൊസീജ്യർ നടത്തുന്നു എന്ന വ്യക്തമായ പരാതി ഉണ്ടെങ്കിൽ, അത് അന്വേഷിക്കണം. ഓഡിറ്റ് നടത്തണം. തെളിവുണ്ടെങ്കിൽ ശക്തമായ നടപടി എടുക്കണം. അതിൽ കാർഡിയോളജി സമൂഹത്തിനും എതിർപ്പുണ്ടാകേണ്ട കാര്യമില്ല. പക്ഷേ ചിലരുടെ തെറ്റായ പ്രവർത്തനമോ അത് സംബന്ധിച്ച ആരോപണങ്ങളോ മുഴുവൻ കാർഡിയോളജി സമൂഹത്തെയും സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലുള്ള പൊതുവായ പ്രസ്താവനകൾക്ക് ഇടയാക്കുമ്പോൾ അത് വലിയൊരു അപകടം സൃഷ്ടിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകരാൻ ഇടയാക്കുന്നു.

കേരളത്തിന്റെ ആരോഗ്യനിലവാരം ഉയർത്തുന്നതിൽ കാർഡിയാക് കെയർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. Emergency cardiology, coronary care units, cath labs, primary angioplasty , cardiac surgery, heart failure care എന്നിവ അനവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. അതിന് പിന്നിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ അധ്വാനമുണ്ട്. അനാവശ്യ ആൻജിയോപ്ലാസ്റ്റി ഉണ്ടെങ്കിൽ അത് തടയണം. ആവശ്യമായ ആൻജിയോപ്ലാസ്റ്റി വൈകാതെയും ഉറപ്പാക്കണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരേസമയം സംരക്ഷിക്കുകയാണ് ഉത്തരവാദിത്തമുള്ള പൊതുജനാരോഗ്യ സമീപനം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണയും, പ്രത്യേകിച്ച് acute heart attack ചികിത്സയെക്കുറിച്ച് അനാവശ്യ ഭയവും സൃഷ്ടിക്കാനിടയുള്ള ഭാഗങ്ങളിൽ വ്യക്തത വരുത്തുകയോ തിരുത്തുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam