കാഫിർ സ്ക്രീൻഷോട്ട് കേസ്: ചിത്രം എവിടെ നിന്ന് ലഭിച്ചതെന്ന് അറിയില്ലെന്ന് സൈബർ ഗ്രൂപ്പ് അഡ്മിൻ

JUNE 6, 2026, 5:37 AM

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ നിർണായക മൊഴിയുമായി ഇടത് അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻ. സ്ക്രീൻഷോട്ട് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിന്റെ അഡ്മിനും വടകര തിരുവള്ളൂർ സ്വദേശിയുമായ ജിതിനാണ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്. കാഫിർ സ്ക്രീൻഷോട്ട് ആദ്യം വ്യാപകമായി പ്രചരിച്ച ഗ്രൂപ്പുകളിൽ ഒന്നായ വടകര സ്ക്വാഡിൽ നിന്നാണ് ചിത്രം ഷെയർ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിനിടെ, കേസിലെ അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതികരിച്ചു. നിലവിൽ അന്വേഷണത്തിനെതിരെ ആക്ഷേപങ്ങളൊന്നുമില്ലെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വടകര മണ്ഡലത്തിൽ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദം ഉയർന്നത്. തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം അയച്ച വാട്‌സ്ആപ്പ് സന്ദേശമെന്ന പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയെ 'കാഫിർ' എന്ന് വിശേഷിപ്പിക്കുന്ന പരാമർശമുണ്ടായിരുന്നു.

എന്നാൽ ഇത് വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടാണെന്ന് ആരോപിച്ച് പി.കെ. മുഹമ്മദ് കാസിമും എംഎസ്എഫും ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. തുടർന്ന് കേസ് രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു.

പിന്നീട് കേസിൽ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് നോട്ടീസ് നൽകുകയും ചെയ്തു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരാണ് നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam