കൊച്ചി: പുതുക്കലവട്ടത്ത് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. അജിത നായിക് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ റീന നായിക്കിനെയും ഇവരുടെ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ സഹായത്തോടെ റീനയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എറണാകുളം ഇടപ്പള്ളിയിലെ പുതുക്കലവട്ടത്ത് റെയിൽവേ പാതയ്ക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു അജിത നായിക്കും കുടുംബവും താമസിച്ചിരുന്നത്. ഒഡീഷ സ്വദേശികളായ ഇവർക്കൊപ്പം റീനയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺമക്കളുമുണ്ടായിരുന്നു. അജിത സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും മർദിച്ചിരുന്നതായി പൊലീസ് പറയുന്നു.
സംഭവദിവസം രാത്രി അമിതമായി മദ്യപിച്ചെത്തിയ അജിത ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഇളയ മകളെയും ഉപദ്രവിച്ചതായാണ് വിവരം. ഇതേത്തുടർന്ന് റീന ഇയാളെ ചവിട്ടിവീഴ്ത്തുകയും മകളുടെ സഹായത്തോടെ കഴുത്തിലും നെഞ്ചിലും ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.
ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളോ ട്രെയിനിൽനിന്ന് വീണതിന്റെ പരിക്കുകളോ മൃതദേഹത്തിൽ കാണാതിരുന്നതാണ് പൊലീസിൽ സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.
എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണസംഘത്തിൽ എസ്ഐമാരായ അനിൽകുമാർ ഇ.കെ., അഫ്സൽ ടി.എ., എഎസ്ഐ ഷജിൽ കുമാർ, എസ്സിപിഒ രഞ്ജിത്ത്, സിപിഒ വിഷ്ണു സുകുമാർ, വനിതാ സിപിഒമാരായ അശ്വതി, ചിഞ്ചു എന്നിവരും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
