കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തൃശൂരിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വില്ലടം, വിൽവട്ടം, ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി ബാധിച്ചത്.
മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് മറ്റത്തൂരിൽ 10 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവിടെ സർക്കാർ എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
കണ്ണൂരിൽ കനത്ത മഴയെ തുടർന്ന് നഗരമധ്യത്തിൽ ഒരു കെട്ടിടം ഇടിഞ്ഞുവീണു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മതിലും കെട്ടിടഭാഗങ്ങളും വീണത്. സംഭവസമയത്ത് ശുചീകരണ തൊഴിലാളികൾ സ്ഥലത്ത് നിന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
കോഴിക്കോട് തോട്ടുമുക്കം കിഴക്കേപറമ്പിൽ ബാബുവിന്റെ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞു വീണു. കനത്ത മഴയിൽ മണ്ണ് കുതിർന്നതാണ് അപകടത്തിന് കാരണമായത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും വെള്ളക്കെട്ട് തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി.
തൃശൂർ നടത്തറ പൂച്ചട്ടി ഭവൻസ് സ്കൂളിൽ മരം വീണ് അപകടം സംഭവിച്ചു. രക്ഷിതാക്കളുടെ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നതായി റിപ്പോർട്ട് ചെയ്തു.
പെരിയാറിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ആലപ്പുഴ സ്വദേശിയായ അഖിൽ, സുഹൃത്തിനൊപ്പം വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടിരുന്നു. സുഹൃത്ത് നീന്തി രക്ഷപ്പെട്ടെങ്കിലും അഖിലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
