ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14 വയസ്സുകാരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇടപെടലുമായി ശിശുക്ഷേമ സമിതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുട്ടിയുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കി ഭിക്ഷാടന സംഘം വ്യാപകമായ ശൃംഖലയായി പ്രവർത്തിക്കുന്നതായും തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിക്കുന്നതെന്നും സംശയിക്കുന്നു.
ഹോസ്റ്റൽ സൗകര്യത്തോടെ വിദ്യാഭ്യാസം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
രണ്ട് ദിവസം മുൻപാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ തമിഴ് ഭാഷ സംസാരിക്കുന്ന 14കാരൻ ഓടി എത്തി “എന്നെ രക്ഷിക്കണം” എന്ന് ആവശ്യപ്പെട്ടത്. തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾക്ക് വസ്തുതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഒരു ദിവസം 1500 രൂപ വരെ സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ചിരുന്നതായും, വരുമാനം 1000 രൂപയിൽ താഴെയായാൽ കുട്ടികളുടെ തലയുടെ പിന്നിൽ മർദനം ഉണ്ടാകുമെന്നുമാണ് കുട്ടിയുടെ മൊഴി. അതിക്രൂരമായ പീഡനം സഹിക്കാനാകാതെയാണ് കുട്ടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
കുട്ടി നിലവിൽ ഹരിപ്പാട് ബാലസദനത്തിൽ സുരക്ഷിതമായി കഴിയുന്നുവെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
