തൃശൂർ: വല്ലച്ചിറ കടലശ്ശേരിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78)യെ കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ ഗോകുൽ (കണ്ണൻ) (36) ആണ് ശിക്ഷിക്കപ്പെട്ടത്.
സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാനായി മുത്തശ്ശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം 12 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്.
2022 ഫെബ്രുവരി 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഗോകുൽ വീട്ടിൽ കയറി. കിടക്കുകയായിരുന്ന കൗസല്യയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ ടി.വി. ഷിബുയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, എ.എസ്.ഐ സരസപ്പൻ, ജി.എ.എസ്.ഐ സിന്ധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കേസിൽ 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി കെ.പി. അജയകുമാർ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
