തിരുവനന്തപുരം: ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായി, ജീവിതം സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ഒരു മാതൃകാപുരുഷനാണ് ഡോ. സരുൺകുമാർ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അദ്ദേഹം, തന്റെ സ്‌കൂൾ കാലഘട്ടത്തിൽ അറിഞ്ഞ ലഹരിയുടെ കയ്പുനീരിനെ ഡോ. ജോൺസൺ മാഷിന്റെ സഹായത്തോടെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. എന്നാൽ ആ വ്യക്തിപരമായ മോചനത്തിൽ ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ ജീവിതം.
താൻ കടന്നുപോയ ദുരിതങ്ങൾ മറ്റൊരാൾക്കും സംഭവിക്കരുതെന്ന ദൃഢനിശ്ചയത്തിൽ നിന്നാണ് സരുൺകുമാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരാളിൽ നിന്ന് തുടങ്ങി, ഇന്ന് 6500ൽ അധികം ആളുകളെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിച്ച ഈ യജ്ഞം കേരളത്തിന് തന്നെ മാതൃകയാണ്. 200ൽ അധികം പുരസ്‌കാരങ്ങളും രണ്ട് ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് ലഭിച്ചു. വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കമ്മീഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ, ഒരിക്കൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച സരുൺകുമാർ ഇന്ന് ഡോ. സരുൺകുമാറായി മാറുകയായിരുന്നു.
ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ അർപ്പണ മനോഭാവവും കഠിനാധ്വാനവും ഭയമില്ലായ്മയും യൂണിവേഴ്‌സ് എന്ന ശക്തിയിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ന് ലഹരി വിരുദ്ധ പ്രവർത്തന മേഖലയിലെ ഒരു മുന്നണി പോരാളിയാദ്ദേഹം, പകരം വെക്കാനില്ലാത്ത ദൈവത്തിന്റെ ഒരു പടയാളി.
റോഡപകടങ്ങളിലെ രക്ഷകൻ, സാമൂഹ്യപ്രവർത്തനത്തിലെ വെളിച്ചം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കപ്പുറം, സരുൺകുമാറിന്റെ സാമൂഹ്യ പ്രതിബദ്ധത മറ്റൊരു തലത്തിലും പ്രകടമാണ്. റോഡപകടങ്ങളിൽ ജീവനും മരണത്തിനുമിടയിൽ നിന്ന് നൂറുകണക്കിന് പേരെ സ്വന്തം വാഹനത്തിൽ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ച ഒരു രക്ഷകനാണ് അദ്ദേഹം. സമാനതകളില്ലാത്ത ഈ സാമൂഹ്യപ്രവർത്തനം വഴി നിരവധി ജീവനുകൾക്ക് അദ്ദേഹം ആശ്വാസമായി.
സരുൺകുമാറിന്റെ ഫോൺ നമ്പറില്ലാത്തവർ കേരളത്തിൽ ചുരുക്കമാണ്. ഒരു ഫോൺകോളിനപ്പുറം അദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ സമാധാനം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ട്. മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഭാഗമായി CGIC നാഷണൽ മെമ്പർ സ്ഥാനവും സരുൺകുമാറിന് ലഭിച്ചു. 'സംസ്ഥാന ലഹരിവിരുദ്ധ സമിതി' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള മലയാളി സമൂഹത്തെയും ചേർത്തുപിടിച്ച് അദ്ദേഹം ലഹരിക്കെതിരെ നിരന്തരം എഴുതുകയും ശബ്ദിക്കുകയും ചെയ്യുന്നു.
വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം മുന്നറിയിപ്പ് നൽകിയ കാര്യങ്ങൾ കൊലപാതകങ്ങളും ആക്രമണങ്ങളും ലഹരി വ്യാപനവും തടയാൻ കഴിയാത്ത സാഹചര്യങ്ങളും ഇന്ന് യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും, സർക്കാർ സംവിധാനങ്ങൾ പോലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നത് പ്രകടമായ സത്യമാണ്.
ലഹരി വിമുക്തവും സുരക്ഷിതവുമായ ഒരു സമൂഹത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. സരുൺകുമാറിന്റെ ഈ ജീവിതം നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. ഇങ്ങനെയൊരു വ്യക്തിത്വം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാകാതിരിക്കുന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്.
സിക്സ്റ്റസ് പോൾസൺ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്