ആലപ്പുഴ: ആലപ്പുഴ വലിയചുടുകാട്ടിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന സിപിഎം നേതാവും പുന്നപ്ര-വയലാർ സമരസേനാനിയുമായ പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം രംഗത്ത്. രക്തസാക്ഷികളുടെ സ്മാരകഭൂമിയിൽ ഒരാൾക്കു മാത്രമായി സ്മാരകം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചു.
പുന്നപ്ര-വയലാർ സമരത്തിൽ ജീവൻ ബലികഴിച്ചവർക്ക് പോലും വലിയചുടുകാട്ടിൽ സ്മാരകമില്ലാത്ത സാഹചര്യത്തിൽ വി.എസിനായി മാത്രം സ്മാരകം പണിയരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. വി.എസ്. സ്മാരകം വന്നാൽ വലിയചുടുകാട് അദ്ദേഹത്തിന്റെ പേരുമായി മാത്രം ബന്ധപ്പെട്ട സ്ഥലമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിച്ചു.
പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിപ്പട്ടികയും കുടുംബം കത്തിനൊപ്പം നൽകിയിട്ടുണ്ട്. ആ കേസിൽ പി.കെ. ചന്ദ്രാനന്ദൻ പത്താം പ്രതിയായിരുന്നുവെന്നും വി.എസ്. അച്യുതാനന്ദന്റെ പേര് പ്രതിപ്പട്ടികയിൽ പോലും ഇല്ലായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വലിയചുടുകാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഎമ്മും സിപിഐയും ചേർന്നാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി. വി.എസ്. സ്മാരകവുമായി ബന്ധപ്പെട്ട വിഷയവും ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിഷയത്തിൽ പ്രതികരിച്ചു. വി.എസ്. സ്മാരകത്തെ സിപിഐ എതിർക്കുന്നില്ലെന്നും, ടി.വി. തോമസിനും അവിടെ സ്മാരകം വേണമെന്നത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികളും നടത്തിയ ചർച്ചയിൽ എല്ലാ തർക്കങ്ങളും മിനിറ്റുകൾക്കകം പരിഹരിച്ചെന്നും, ഇനി വലിയചുടുകാട്ടിൽ മറ്റാർക്കും സ്മാരകം നിർമിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
