കൊല്ലം: ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിൽ നിന്ന് നാലു കിലോഗ്രം കഞ്ചാവ് പിടികൂടി. വടക്കേവിള പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ ശരത് മോഹ(26) ൻ്റെ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കൊല്ലം തേനി ദേശീയപാതയിൽ ശാസ്താംകോട്ട പുന്നമൂട് ജങ്ഷനു വടക്ക് കുരിശ്ശടിക്കുമുന്നിൽ ബുധനാഴ്ചയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാൽ ഒടിഞ്ഞുതൂങ്ങിയ യുവാവ് ബാഗ് മറ്റാരും എടുക്കാൻ അനുവദിക്കാതെ കൈപ്പിടിയിൽ വെയ്ക്കുകയും സമീപത്തുണ്ടായിരുന്ന യുവാക്കളോട് രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതോടെ കൂടിനിന്നവർക്ക് സംശയം ഉണ്ടായെങ്കിലും അവർ ഓട്ടോറിക്ഷയിൽ കയറ്റി സമീപത്തെ ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
എന്നാൽ അവിടേക്കു പോകാതെ കൊല്ലം ഭാഗത്തേക്ക് വിടാൻ ഡൈവറോട് ആവശ്യപ്പെട്ടു. അതോടെ അസ്വാഭാവികത തോന്നിയ യുവാക്കൾ പിന്നാലെയെത്തി പുന്നമൂട്ടിൽവെച്ച് ഓട്ടോ തടയുകയായിരുന്നു. തുടർന്ന് യുവാവ് ഇറങ്ങി നടന്ന് ബസ് സ്‌റ്റോപ്പിൽ കയറി കിടക്കുകയായിരുന്നു.
കൈവശമുണ്ടായിരുന്ന ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞു. തടിച്ചുകൂടിയവർ ശാസ്താംകോട്ട പൊലീസിനെയും എക്‌സൈസ് സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘമെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് കെട്ടുകളിലായി നാലു കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്.
അവശനിലയിലായിരുന്ന ശരത് മോഹനെ എക്‌സൈസ് സംഘം ആദ്യം ഊക്കൻമുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ എക്‌സൈസ് സുരക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
