കാസർകോട്: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കാസർകോട് എളേരിത്തട്ടിൽ കളിക്കുന്നതിനിടെ നാലര വയസുള്ള പെൺകുട്ടിയെ മൂർഖൻ പാമ്പ് കടിച്ചതായി റിപ്പോർട്ട്.
കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി ഐസിയുവിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് വിവിധ ജില്ലകളിലായി എട്ട് പേർക്കാണ് വിഷപാമ്പുകളുടെ കടിയേറ്റത്. കോഴിക്കോട് കുറ്റ്യാടി മുണ്ടക്കുറ്റിയിൽ ഒരു വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള ശങ്കുവരയൻ പാമ്പുകളെ പിടികൂടി. രമേശിന്റെ വീട്ടിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. ആറുവയസുകാരി കിടന്നുറങ്ങിയ മുറിയിൽ ബെഡിനോട് ചേർന്നാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് ശുചിമുറിയിലും കിടപ്പുമുറിയിലുമായി രണ്ട് പാമ്പുകളെയും അടുക്കള ഭാഗത്ത് നിന്ന് മറ്റു രണ്ട് പാമ്പുകളെയും പിടികൂടി. കോൺക്രീറ്റ് വീടിനകത്ത് പാമ്പുകൾ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല.
പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്ജലിക്കും പൂനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്ന് പാമ്പുകടിയേറ്റു. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റ വിവരം മനസ്സിലായത്. ശങ്കുവരയൻ പാമ്പാണ് കടിച്ചതെന്നാണ് സംശയം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഇരിങ്ങാലക്കുട കാറളത്ത് പ്രസീതക്കും നടവരമ്പ് സ്വദേശി സനീഷിനും പാമ്പുകടിയേറ്റു. ഒരാൾക്ക് പുല്ല് വെട്ടുന്നതിനിടെയും മറ്റൊരാൾക്ക് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21 വയസുകാരിയായ ഷഹല തസ്നിക്കും പാമ്പുകടിയേറ്റു. കാൽപാദത്തിൽ കടിയേറ്റ ഷഹല അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
