തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞിന് അസുഖം ഗുരുതരമാണെന്ന് പറഞ്ഞിട്ടും ആവശ്യമായ പരിഗണന നല്‍കിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ദിലീപ് ആരോപിച്ചു.
രാവിലെ രണ്ടരയോടെയാണ് സംഭവം നടന്നത്. “എന്തോ കടിച്ചു” എന്ന് പറഞ്ഞ് കുഞ്ഞ് നിലവിളിച്ചുവെന്ന് ദിലീപ് പറയുന്നു. കാലില്‍ ചെറിയൊരു പാടു മാത്രമായിരുന്നു കണ്ടത്. ഉടന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
“ആശുപത്രിയില്‍ എത്തുമ്പോള്‍ കുട്ടിക്ക് വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഡോക്ടര്‍ ശരിയായി പരിശോധിച്ചില്ല, നഴ്‌സ് മാത്രമാണ് നോക്കിയത്. പിന്നീട് കുട്ടിക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് അനക്കം ഇല്ലാതായത്,” എന്നാണ് ദിലീപ് പറഞ്ഞത്.
കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കീര്‍ത്തി സൈജുവും പ്രതികരിച്ചു. “ആന്റിവെനം പോലും നല്‍കാതെയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. ഇവിടെ പല പഞ്ചായത്തുകളും ആശ്രയിക്കുന്ന ആശുപത്രിയാണെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പതിവാണ്,” എന്നും അവര്‍ പറഞ്ഞു.
മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നാണ് സംശയം. കുട്ടി കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
