തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ പൊലീസ് സ്വീകരിച്ച നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായതായി ഇ.ഡി സംശയം പ്രകടിപ്പിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളുമായി ബന്ധപ്പെട്ട നടപടികളിലാണ് പിഴവുണ്ടായതെന്നാണ് വിലയിരുത്തൽ.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം നൽകേണ്ട നോട്ടീസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് അപാകത ഉണ്ടായതെന്നാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ വീഴ്ച മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽപ്പെടുകയും രേഖകളിൽ ആവശ്യമായ തിരുത്തൽ വരുത്താൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും ഈ നടപടിക്രമ പിഴവ് പ്രധാന വാദമായി പ്രതിഭാഗം ഉയർത്തി. വിഷയത്തിൽ മജിസ്ട്രേറ്റിന് ഇടപെടാനുള്ള അധികാരപരിധിയെക്കുറിച്ചും കോടതിയിൽ ചർച്ചയുണ്ടായി.
ഇതിനിടെ, ആക്രമണക്കേസിലെ അന്വേഷണത്തിൽ കൂടുതൽ പുരോഗതി കൈവരിച്ചതായി വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
എന്നാൽ ആക്രമണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന കാര്യം തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്. ഇതുസംബന്ധിച്ച വ്യക്തമായ മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
സംഭവത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി വിവിധ മാധ്യമ സ്ഥാപനങ്ങളോടും അന്വേഷണസംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
