കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മന്ത്രി സജി ചെറിയാനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം.
നവകേരള സദസില്‍ ബിഷപ്പുമാര്‍ പങ്കെടുത്തപ്പോള്‍ സജി ചെറിയാന് രോമാഞ്ചമുണ്ടായതാണ്. ഈ സാഹചര്യത്തിലൊന്നും സജി ചെറിയാന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താത്തത് എന്താണ്?
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ അവഹേളിക്കുന്ന മന്ത്രിമാരും അവര്‍ക്കൊത്താശ ചെയ്യുന്ന മന്ത്രിമാരും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ദീപിക വിമര്‍ശിക്കുന്നു.
കെ ടി ജലീല്‍ എംല്‍എയുടെ പരാമര്‍ശത്തിനെതിരെയും പത്രം വിമര്‍ശനമുന്നയിക്കുന്നുണ്ട്. കെസിബിസിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിച്ചപ്പോള്‍ അതില്‍ മുസ്ലിം ലീഗ് നേതാക്കളും ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. ഇതിനെതിരായി ജലീല്‍ പറഞ്ഞ പ്രതികരണത്തോടാണ് ദീപിക പത്രത്തിന്റെ വിമര്‍ശനം.
മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം
തങ്ങൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ അതു തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽനിന്ന് ഇതിനപ്പുറംപ്രതീക്ഷിക്കേണ്ടതുമില്ല. സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്റെ ലജ്ജാകരമായ പ്രതികരണം അതു കൂടുതൽ വ്യക്തമാക്കുന്നു.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയുന്ന മന്ത്രിമാർ അടക്കമുള്ള ഇടതു നേതാക്കളും മുഖ്യമന്ത്രിയടക്കം അവർക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. മന്ത്രി സജി ചെറിയാനും, മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെ.ടി. ജലീലും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരേ നടത്തിയ പ്രതികരണങ്ങൾ ജീർണതയുടെ സംസ്കാരം പേറുന്നവർക്കു ഭൂഷണമായിരിക്കാം; എന്നാൽ, അവർ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്കു ചേർന്നതല്ലെന്ന് ഓർമിപ്പിക്കട്ടെ.
ക്രൈസ്തവർ എന്തു രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ അതു തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽനിന്ന് ഇതിനപ്പുറംപ്രതീക്ഷിക്കേണ്ടതുമില്ല. സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്റെ ലജ്ജാകരമായ പ്രതികരണം അതു കൂടുതൽ വ്യക്തമാക്കുന്നു.
സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ക്രൈസ്തവർക്കുനേരേ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനോ എന്നും സംശയിക്കണം.
പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കെടുത്തതാണ് സജി ചെറിയാനെ വല്ലാതെ പ്രകോപിപ്പിച്ചത്. ബിജെപി വിരുന്നിനു ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം അവർ മറന്നെന്നുമാണ് സജി ചെറിയാന്റെ കണ്ടെത്തൽ.
പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവേദിയിലായിരുന്നു സജി ചെറിയാന്റെ ആക്ഷേപം. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാൻ. എന്നാൽ, ഇത്തരം വിടുവായത്തം തിരുത്താൻ അദ്ദേഹത്തോടു പറയുന്നതിനു പകരം, പിന്തുണ നൽകുന്നതായി ഇന്നലെ മുഖ്യമന്ത്രി എറണാകുളത്തു നടത്തിയ പ്രതികരണം.
കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ നടത്തിയ ക്രിസ്മസ് ആഘോഷത്തിലാണ് കെ.ടി. ജലീൽ ദുഷ്ടലാക്ക് കണ്ടത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വിഷംചീറ്റൽ. കെസിബിസി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒന്നിച്ചു വേദി പങ്കിട്ടതാണ് ജലീലിനെ അസ്വസ്ഥനാക്കിയത്.
കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ക്രിസ്മസ് സംഗമത്തിൽ കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കൊപ്പം സാദിഖലി ശിഹാബ് തങ്ങളും കെ. സുരേന്ദ്രനും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ.ടി. ജലീല്‍ രംഗത്തെത്തിയത്.
ഭരണാധികാരികൾ, അതു പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളിൽ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാ നേതൃത്വം എക്കാലത്തും പുലർത്തിപ്പോരുന്ന മര്യാദയാണ്. കേരള മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുത്തിരുന്നു.
അതു കണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്നുകൂടി അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ബിഷപ്പുമാർ പങ്കെടുക്കുന്നതു ശരിയും, പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നത് വിരുന്നുണ്ണലുമാണെന്നു വ്യാഖ്യാനിക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ ക്രൈസ്തവർ കൂട്ടക്കുരുതിക്കിരയാകുന്നുണ്ട്. കമ്യൂണിസ്റ്റുകാരും മുസ്ലിം ഭീകരപ്രസ്ഥാനങ്ങളായ ബൊക്കോ ഹറാം, ഐഎസ്ഐഎസ് ഉൾപ്പെടെയുള്ളവരും ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ കുപ്രസിദ്ധിയാർജിച്ചിട്ടുമുണ്ട്. മണിപ്പുരിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവർക്കും ഇരകളായവർക്കും നീതി കിട്ടണമെന്നതിൽ ആർക്കും സംശയമില്ല.
ക്രൈസ്തവ സഭാ നേതൃത്വം അക്കാര്യമാവശ്യപ്പെടുന്നതിൽ ഇതുവരെ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടുമില്ല. പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത് മണിപ്പുർ മറന്നുകൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്ക് മാത്രമാണ്. ഹമാസ് തീവ്രവാദികൾക്കുവേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ്യവും രാഷ്ട്രീയനേട്ടമല്ലാതെ മറ്റെന്താണ്? ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിക്കാൻ ആവേശം കാട്ടുന്ന ഇടതു നേതാക്കൾ, സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. നിങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നതു മറക്കരുത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്