പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന് കൗൺസിലർ സ്ഥാനം നഷ്ടമാകാൻ സാധ്യത. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ അവധി അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാകുമെന്ന നിയമ വ്യവസ്ഥ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശോഭിന്റെ ഹാജർ സംബന്ധിച്ച വിവരം പാലക്കാട് നഗരസഭ സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്വീകരിക്കേണ്ടത്.
പ്രശോഭ് അയോഗ്യനാകുകയാണെങ്കിൽ നഗരസഭയിലെ യുഡിഎഫ് അംഗബലം 17 ആയി കുറയും. ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കുന്നത്തൂർമേട് വാർഡിലെ കൗൺസിലറായിരുന്ന പ്രശോഭിനെതിരെ ഇക്കഴിഞ്ഞ മാർച്ച് 27നാണ് പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം സ്ഥാപിച്ച ശേഷം താമസസ്ഥലത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നും, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ മണ്ണാർക്കാട് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തുടർന്ന് മെയ് 27ന് പ്രശോഭ് പാലക്കാട് ടൗൺ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
