ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്, മറക്കരുത് ന്യൂജെൻ നേതാക്കൾ

AUGUST 24, 2025, 9:53 PM

യുവ നേതാക്കൾക്ക് പ്രവർത്തിക്കാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവസരമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഏറ്റെടുത്ത ശേഷം അത്തരം അവഗണനകൾ യുവാക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലേക്ക് യുവാക്കളെത്തി.

കേരളത്തിലും അതിനനുസൃതമായി വലിയ മാറ്റങ്ങളുണ്ടായി. ചാനൽ ചർച്ചകളിൽ മാത്രം മുഖം കാണിച്ചു കൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഒരുപറ്റം ചെറുപ്പക്കാരെ ഫീൽഡിലേക്ക് ഇറക്കി. ഷാഫി പറമ്പിലും ഹൈബി ഈഡനും ചാണ്ടി ഉമ്മനുമൊക്കെ അങ്ങനെ ഉയർന്നുവന്നവരാണ്.

ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും കോൺഗ്രസ് പ്രസ്ഥാനത്തിന് ആദർശം പകർന്ന മാതൃകാ നേതാക്കളാണ്. ജനക്ഷേമത്തിന് സത്യസന്ധമായി പ്രവർത്തിക്കാനാണ് നേതാക്കൾ അധികാരത്തെ ഉപയോഗിച്ചിരുന്നത്. ആ പാരമ്പര്യം കെടാതെ കാക്കുന്നവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ മുതിർന്ന നേതാക്കൾ. പക്ഷെ, എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാക്ഷേപങ്ങൾ പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നു.

vachakam
vachakam
vachakam

അവിവാഹിതനായ ഇയാൾ നിരവധി യുവതികളെ തന്റെ വാക്ചാതുരിയിൽ വീഴ്ത്തി പീഡനത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തതായ പരാതികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീലമ്പടൻ എന്നും കാട്ടുകോഴി എന്നൊക്കെയുള്ള വിശേഷണങ്ങൾ അയാൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.

രാജ്യത്ത് നടന്ന വോട്ടുകൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ബിഹാറിൽ വൻ ജനകീയ പ്രചാരണം നടത്തുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയത്. ആരോപണങ്ങൾ ഉയരുമ്പോൾ ഒരു നിമിഷം പോലും വൈകാതെ പാർട്ടി ചുമതലകളും അധികാരവും വലിച്ചെറിഞ്ഞ് പോന്നിട്ടുള്ള ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്.

മുതിർന്ന നേതാവ് എ.കെ ആന്റണി കേന്ദ്ര മന്ത്രിസ്ഥാനം വരെ രാജിവച്ച സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ, ശക്തമായ ആക്ഷേപങ്ങളുയർപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയാതെ കടിച്ചു തൂങ്ങി കിടക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചത്.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമെല്ലാം രാഹുലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതുകൊണ്ടാണ് അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇല്ലെങ്കിൽ പുറത്താക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു.

ധാർമിക ലവലേശമെങ്കിലും ശേഷിക്കുന്നുവെങ്കിൽ എം.എൽ.എ സ്ഥാനം ആദ്യമേ രാജിവയ്‌ക്കേണ്ടതായിരുന്നു. കോൺഗ്രസിന്റെ വനിതാ നേതാക്കളായ ഉമാ തോമസും ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ഘടകകക്ഷി പാർട്ടിയുടെ വനിതാ നേതാവായ കെ.കെ രമയും രാഹുലിന്റെ രാജി ആവശ്യപ്പെട്ടു.

ഏതായാലും കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണ്. സ്ത്രീകളെ ചേർത്ത് നിർത്തി അവർക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്ത്രീകൾക്കെതിരെ തെറ്റു ചെയ്യുന്നവരെ പാർട്ടി സ്ഥാനങ്ങളിലും അധികാരസ്ഥാനത്തും വച്ചുപൊറിപ്പിക്കില്ലെന്ന ശക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. മറ്റൊരു പാർട്ടിയും ഇങ്ങനെയൊരു നിലപാട് എടുത്തതായി കണ്ടിട്ടില്ല.

vachakam
vachakam
vachakam

എം. മുകേഷ് എം.എൽ.എയ്‌ക്കെതിരെ പൊലീസിൽ പരാതി ലഭിച്ചപ്പോഴും അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുകയാണ് സി.പി.എം. യുവതിയുമായി നടത്തിയ പൈങ്കിളി വർത്താമാനത്തിന്റെ ഫോൺ ശബ്ദരേഖ പുറത്തുവന്നിട്ടും എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നു. സി.പി.എമ്മിലും ഡി.വൈ. എഫ്. ഐയിലും സ്തീകളെ ചൂഷണം ചെയ്തതിന്റെ നിരവധി പരാതികൾ പുറത്തുവന്നിട്ടും ആരോപണ വിധേയരായ നേതാക്കളെ പാർട്ടി മാറ്റി നിർത്തിയിട്ടില്ല.

പകരം പാർട്ടി കമ്മിഷനും പാർട്ടി കോടതിയും ആരോപണ വിധേയരെ സംരക്ഷിക്കുകയും പരാതിക്കാരെ ഭീഷണിപ്പെടുത്തി വരുതിക്കു നിർത്തുകയുമാണ് ചെയ്യുന്നത്. ബി.ജെ.പിയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. മറ്റു പാർട്ടികൾ എന്തു ചെയ്തുവെന്ന് നോക്കാതെ ധാർമിക രാഷ്ട്രീയത്തിന്റെയും ഉദാത്ത മാതൃകയാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.

ജെയിംസ് കൂടൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam