ആലപ്പുഴ: സഖാവ് വി.എസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസും അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിന് വേണ്ടി കാത്തുനിന്നു.
ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമായി പത്ത് മിനിറ്റ് സമയം. പിന്നെ പൊതുദര്‍ശനം തുടങ്ങി. 2:40 ഓടെ വീട്ടിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. നാലേമുക്കാലോടെ ഡിസിയില്‍നിന്ന് വിലാപ യാത്ര റിക്രിയേഷന്‍ മൈതാനത്തേക്ക് നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും സാധാരണക്കാരും അടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, മന്ത്രിമാര്‍ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദര്‍ശനത്തിന് നേതൃത്വം നല്‍കി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്