തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു എന്നാണ് ലഭിക്കുന്ന വിവരം. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥും ചികിത്സയിലാണ്.
സംഭവത്തിൽ ബിജെപിയും എൽഡിഎഫും പരസ്പരം കുറ്റപ്പെടുത്തുകയാണ്. മേയറുടെ നേതൃത്വത്തിൽ ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചെന്നും, ആറ് കൗൺസിലർമാർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മേയറെ തടയാൻ ശ്രമിച്ചിട്ടില്ല, ഓഫീസിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം എന്നും കടകംപള്ളി വ്യക്തമാക്കി.
“മേയർ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണം ഉണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാൻ മേയർ തയ്യാറായില്ല. സഹപ്രവർത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന കാര്യം മേയർ മറന്നു” എന്നായിരുന്നു കടകംപള്ളിയുടെ വിമർശനം. ഗുണ്ടായിസം കൊണ്ട് കാര്യങ്ങൾ നടത്താനാവില്ലെന്നും, ആർഎസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, മേയറും ഡെപ്യൂട്ടി മേയറും അടക്കം ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം. ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. മേയറുടെ കാലിനും ആശാനാഥിന്റെ തലയ്ക്കും പരിക്കേറ്റു. ആശാനാഥിന് രണ്ട് തവണ ഛർദ്ദിയുണ്ടായെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.
ഹൈക്കോടതി അസാധുവാക്കിയ ആദ്യ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്. ഇത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം ആരംഭിച്ചിരുന്നു. മേയറെ ഓഫീസിൽ പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷത്തിൽ വനിതാ എൽഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പിന്നാലെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതൻ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതും എൽഡിഎഫ് വിമർശനമായി ഉയർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
