മലയാള സിനിമയിലെ മുതിർന്ന ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. ആലപ്പുഴ പൂന്തോപ്പ് തൈപ്പറമ്പ് വീട്ടിലായിരുന്നു അന്ത്യം. ഏഴുപതിലധികം മലയാള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം സിനിമയുടെ ദൃശ്യഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
1960ൽ പുറത്തിറങ്ങിയ ‘ഉമ്മ’യിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനെന്ന നിലയിൽ കൃഷ്ണൻകുട്ടി സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഉദയയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചു. സംവിധായകൻ ഹരിഹരന്റെ ആദ്യ ചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെയുള്ള സിനിമകളിലും അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തു.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ആദ്യ ചിത്രമായ ‘കടത്തുകാരൻ’ ക്യാമറയിൽ പകർത്തിയതും ടി.എൻ. കൃഷ്ണൻകുട്ടിയായിരുന്നു. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണൻ തുടങ്ങിയവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1985ൽ പുറത്തിറങ്ങിയ ‘മടക്കയാത്ര’യാണ് ടി.എൻ. കൃഷ്ണൻകുട്ടി ഛായാഗ്രാഹകനായി പ്രവർത്തിച്ച അവസാന ചിത്രം. ജോർജ് വെട്ടമാണ് ചിത്രം സംവിധാനം ചെയ്തത്.
പരേതയായ ലളിതമ്മയാണ് ഭാര്യ. ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ എന്നിവർ മക്കളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
