തിരുവനന്തപുരം: ഒഡിഷയിലെ ജലേശ്വറില്‍ കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതപരിവര്‍ത്തനം എന്ന കള്ള ആരോപണത്തിന്റെ മറവില്‍ നടന്ന ഈ ആക്രമണം, രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സാമുദായിക വേട്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ഒരു മരണാനന്തര ചടങ്ങിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കായി എത്തിയ ജലേശ്വറിലെ സെയ്ന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശൂര്‍ സ്വദേശി ബാലസോര്‍ രൂപതയുടെ ജോഡ ഇടവകയിലെ ഫാ. വി. ജോജോ, ആലപ്പുഴ സന്ന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്. വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ബജ്‌റംഗദള്‍ പ്രവര്‍ത്തകരായ 70 ല്‍ അധികം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ വേട്ടയുടെ തുടര്‍ച്ചയാണിതെന്നും ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.
'ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ, ഒഡിഷയിലെ ഈ ആക്രമണം സംഘപരിവാര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണ്. ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ കള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. ഭരണകൂടത്തിന്റെ ശിക്ഷാരാഹിത്യം ഈ ഹിന്ദുത്വ വിജിലന്റിസത്തെ പ്രോത്സാഹിപ്പിക്കുന്നു.'- മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സില്‍ കുറിച്ചു.
മതേതരവും ജനാധിപത്യപരവുമായ ശക്തികള്‍ ഒന്നിച്ച് ഈ അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണം. ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ സംഭവത്തില്‍ നീതി ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്