പത്തനംതിട്ട: പരമാവധി വിൽപ്പന വില (എംആർപി) കവിഞ്ഞ് തുക ഈടാക്കിയ സംഭവത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ 25,010 രൂപ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
റാന്നി പെരുനാട് മാമ്പാറ സ്വദേശി എ.ടി. ആകാശ് നൽകിയ പരാതിയിലാണ് വിധി. പെരുനാട്ടെ ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് 650 മില്ലി ലിറ്റർ ബിയർ വാങ്ങിയപ്പോൾ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എംആർപി 170 രൂപയായിരുന്നു. എന്നാൽ കൗണ്ടറിൽ നിന്ന് 180 രൂപയുടെ ബിൽ നൽകിയെന്നാണ് പരാതി.
എംആർപിയേക്കാൾ 10 രൂപ അധികം ഈടാക്കിയത് സംബന്ധിച്ച് പരാതിക്കാരൻ ജീവനക്കാരോട് വിശദീകരണം തേടിയെങ്കിലും, കമ്പ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്തിയ വിലയാണ് ഈടാക്കിയതെന്നായിരുന്നു മറുപടി. തുടർന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച കമ്മിഷൻ, എംആർപി കവിഞ്ഞ് തുക ഈടാക്കിയത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തി. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എംആർപി തന്നെയാണ് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന അന്തിമ വിലയെന്നും കമ്മിഷൻ നിരീക്ഷിച്ചു.
അന്യായമായി ഈടാക്കിയ 10 രൂപ തിരികെ നൽകുന്നതിനൊപ്പം 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവിനമായും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. ഇതോടെ ആകെ 25,010 രൂപ പരാതിക്കാരന് നൽകേണ്ടിവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
