ഫ്രാൻസ്: ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ നടന്ന രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോകനേതാക്കളുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുന്നോടിയായി നടന്ന ഈ സൗഹൃദ നിമിഷമാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്.
ലോകനേതാക്കളുടെ നിരയിലേക്ക് എത്തിയ നരേന്ദ്ര മോദിയെ “വീണ്ടും കണ്ടതിൽ സന്തോഷം” എന്ന് പറഞ്ഞാണ് ജോർജിയ മെലോനി സ്വീകരിച്ചത്. തുടർന്ന് സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ ജനപ്രീതിയെക്കുറിച്ച് മോദി പരാമർശിച്ചതോടെ, “അതെ, നമ്മളാണ് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോഡി” എന്ന് മെലോനി ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഇരുനേതാക്കളുടെയും പേരുകൾ ചേർത്ത് രൂപപ്പെട്ട #മെലോഡി (#Melodi) എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ്. 2023 നവംബറിൽ ദുബായിൽ നടന്ന കോപ് 28 (COP28) കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi” എന്ന അടിക്കുറിപ്പോടെ മെലോനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് കൂടുതൽ ജനപ്രിയമായത്.
കഴിഞ്ഞ മാസം നരേന്ദ്ര മോദി റോമിൽ സന്ദർശനം നടത്തിയപ്പോൾ, ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ‘മെലഡി’ ചോക്ലേറ്റ് പാക്കറ്റ് ജോർജിയ മെലോനിക്ക് സമ്മാനമായി നൽകിയിരുന്നു. ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തിരുന്നു.
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, മെലോനിയുമായുള്ള ഈ സൗഹൃദ സംഭാഷണമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
