തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങള്‍ തടയുന്നതിനുമായി പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പോലീസ് ആസ്ഥാനം. ഡ്യൂട്ടി സമയത്ത് പാറാവുകാര്‍ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. സ്റ്റേഷനില്‍ അനാവശ്യമായി സംസാരിച്ചുനടക്കുന്നതും അലസമായി സമയം കളയുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
കസ്റ്റഡിയിലുള്ള വ്യക്തികളോ പ്രതികളോ മര്‍ദനത്തിനോ മൂന്നാംമുറയ്‌ക്കോ ഇരയായതായി സംശയം തോന്നിയാല്‍ പാറാവുകാരന്‍ ഉടന്‍തന്നെ ഉന്നത ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പിയെയോ ജില്ലാ പോലീസ് മേധാവിയെയോ വിവരമറിയിക്കണം. ലോക്കപ്പുകളിലെ സുരക്ഷ ഉറപ്പാക്കേണ്ടതും പ്രതികളുടെ ശാരീരിക-മാനസിക നില പരിശോധിക്കേണ്ടതും, ആത്മഹത്യാ സാധ്യതകള്‍ ഇല്ലാതാക്കേണ്ടതും പാറാവുകാരന്റെ ഉത്തരവാദിത്വമാണ്.
രാത്രി സമയത്തെ പാറാവ് അതീവ സുരക്ഷാ ഡ്യൂട്ടിയായി പരിഗണിക്കണമെന്നും സ്റ്റേഷനിലേക്ക് എത്തുന്നവരെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ സ്റ്റേഷനുകളില്‍ എത്തുന്ന പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം.
24 മണിക്കൂര്‍ പാറാവ് ഡ്യൂട്ടിക്ക് മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. എന്നാല്‍ നിലവില്‍ പല സ്റ്റേഷനുകളിലും രണ്ട് പേര്‍ മാത്രമുള്ളതിനാല്‍ പുതിയ നിര്‍ദേശം നടപ്പിലാക്കുന്നത് ആള്‍ ക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ പുറപ്പെടുവിച്ച ഈ ഉത്തരവുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ സ്റ്റേഷനുകളില്‍ മിന്നല്‍പ്പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
