ന്യൂഡല്‍ഹി: യു.എസിലേക്ക് ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കണ്ടിറങ്ങുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേകി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റിന്റെ പുതിയ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കും എക്‌സ്‌ചേഞ്ച് പ്രോഗ്രാം സന്ദര്‍ശകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ കാലാവധി കര്‍ശനമായി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള പുതിയ കുടിയേറ്റ പരിഷ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാല്‍, ഈ നിയമമാറ്റം ഏറ്റവുമധികം ബാധിക്കുക ഇന്ത്യന്‍ യുവത്വത്തെയാണ്.
നിലവില്‍ യുഎസില്‍ പഠനം തുടരുന്നവരെക്കൂടി ഈ പുതിയ വ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം. നിലവിലുള്ള രീതി അനുസരിച്ച്, വിദ്യാര്‍ഥിയായി തുടരുന്നിടത്തോളം കാലം പ്രത്യേക നിശ്ചിത സമയപരിധിയില്ലാതെ യുഎസില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ് സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ നിയമപ്രകാരം എഫ്, ജെ വിഭാഗം വീസകളില്‍ എത്തുന്നവര്‍ക്ക് പരമാവധി നാല് വര്‍ഷം മാത്രമേ യുഎസില്‍ തുടരാന്‍ അനുവാദമുണ്ടാകൂ.
നാല് വര്‍ഷത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ചെയ്യുന്നവരും പിഎച്ച്ഡി ഗവേഷകരും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് പ്രത്യേക അപേക്ഷ നല്‍കി ശക്തമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും.
പഠനകാലാവധി കഴിഞ്ഞ ശേഷം ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടിയുള്ള തയാറെടുപ്പുകള്‍ക്കായി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന 60 ദിവസത്തെ ഇളവ് 30 ദിവസമായി വെട്ടിച്ചുരുക്കിയതാണ് മറ്റൊരു വലിയ വെല്ലുവിളി. കോഴ്‌സ് കഴിഞ്ഞയുടന്‍ 30 ദിവസത്തിനുള്ളില്‍ ജോലി കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യേണ്ടി വരുന്നത് വിദ്യാര്‍ഥികളെ കടുത്ത മാനസിക-സാമ്പത്തിക സമ്മര്‍ദത്തിലാക്കും. പുതിയ പരിഷ്‌കാരം അനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഐ വീസ കാലാവധി 240 ദിവസമായും ചൈനീസ് പൗരന്മാരുടെ വീസ 90 ദിവസമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് നിലവില്‍ യുഎസില്‍ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. ഭൂരിഭാഗം പേരും കോഴ്‌സിന് ശേഷം അവിടെത്തന്നെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ ഈ കടുത്ത നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിദേശപഠനം ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് വിദേശ രാജ്യങ്ങളിലെ സാധ്യതകളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകുമെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
