ദില്ലി: ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ചാവേറിനെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. ഉമർ മുഹമ്മദ് തന്നെയാണ് പൊട്ടിത്തെറിച്ച വാഹനം ഓടിച്ചിരുന്നതെന്നും ചാവേറായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചതെങ്ങനെയെന്ന റിപ്പോർട്ട് ന്യൂസ്18 പുറത്തുവിട്ടു.
ന്യൂസ് 18 പുറത്ത് വിട്ട റിപ്പോർട്ട് ഇങ്ങനെ
പ്രതിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്കറുത്ത സ്പോർട്സ് ഷൂവും ഒരു കഷ്ണം മെറൂൺ തുണിയുമാണ്. സ്ഫോടനത്തിൽ തകർന്ന വെളുത്ത കാറിന്റെ വീലിൽ കുടുങ്ങിക്കിടന്ന കറുത്ത സ്പോർട്സ് ഷൂ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു.
മിനിറ്റുകൾക്ക് ശേഷം ഫോറൻസിക് സംഘം എത്തിയപ്പോൾ, സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച നിരവധി സാമ്പിളുകളിൽ ഒന്നായി ആ ഷൂവും ഉണ്ടായിരുന്നു.
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഫരീദാബാദിൽനിന്ന് വൻതോതിൽ അമോണിയം നൈട്രേറ്റ് കണ്ടെടുത്തിരുന്നു. ഇതുകൂടാതെ, കശ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽനിന്ന് ഡോക്ടർമാർ ഉൾപ്പെട്ട ഭീകരസംഘത്തെ ജമ്മു കശ്മീർ പോലീസും ഫരീദാബാദ് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇത് വലിയ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. അതുകൊണ്ടുതന്നെ, ചെങ്കോട്ട സ്ഫോടനത്തെ ഈ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തിയാണ് പോലീസ് കണ്ടത്.
ഭീകരസംഘത്തിലെ അംഗമായ ഉമർ മുഹമ്മദ് അപ്പോഴും ഒളിവിലായിരുന്നു എന്നതും പോലീസിൽ സംശയം ജനിപ്പിച്ചു. ജമ്മു കശ്മീർ പോലീസും ഫരീദാബാദ് പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ചെങ്കോട്ടയിലെ സ്ഫോടനത്തിൽ ചാവേറായത് ഉമർ മുഹമ്മദ് ആയിരുന്നോ എന്നതായിരുന്നു ഡൽഹി, ജമ്മു കശ്മീർ, ഫരീദാബാദ് പോലീസിന് മുന്നിലുണ്ടായിരുന്ന നിർണായക ചോദ്യം.
അറസ്റ്റിലായ ഡോക്ടർമാരെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന്, ഉമർ മുഹമ്മദ് ഒളിവിൽ തുടരുകയാണെന്നും വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും പോലീസിന് വ്യക്തമായി. ഡൽഹി പോലീസിന്റെ സിസിടിവി പരിശോധനയിൽ, ഒരു വെളുത്ത കാർ സംഭവദിവസം ഉച്ചകഴിഞ്ഞ് 3.19-ന് ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നതും മൂന്ന് മണിക്കൂറിന് ശേഷം പാർക്കിങ് സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. ഇതിന് ശേഷമാണ് സ്ഫോടനമുണ്ടായത്.
ഉമറിന്റെ പരിചയക്കാരിൽനിന്ന് ലഭിച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കി പോലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആ പരിശോധനയിൽ ഉമർ ഡൽഹിയിലുടനീളം കാർ ഓടിക്കുന്നതായി കണ്ടെത്തി. എപ്പോഴും മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും ഇയാൾ സ്ഥിരമായി മെറൂൺ ഷർട്ടും കറുത്ത സ്പോർട്സ് ഷൂവും ധരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.
ഉമർ മുഹമ്മദിന്റെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഷൂ പോലീസ് സ്ഫോടന സ്ഥലത്തെ കാറിൽനിന്ന് കണ്ടെടുത്ത ഷൂവുമായി ഒത്തുനോക്കി. അവ ഒന്നുതന്നെയാണെന്ന നിഗമനത്തിലെത്തി. സംഭവസ്ഥലത്തെ തിരച്ചിലിനിടെ, ഒരു മരത്തിൽനിന്ന് മെറൂൺ നിറത്തിലുള്ള തുണിക്കഷണം പോലീസിന് ലഭിച്ചു. ഇത് ഉമർ ധരിച്ചിരുന്ന ഷർട്ടിന്റെ നിറവുമായി സാമ്യമുള്ളതായിരുന്നു. ഷർട്ടിന്റെ നിറം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ തുണിയുമായി ചേരുന്നതാണെന്ന് കൂടുതൽ ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. അപ്പോഴേക്കും ഉമർ സ്ഫോടനസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഏകദേശം ഉറപ്പിച്ചിരുന്നു
സംഭവദിവസം മുഴുവൻ ആ കാർ ഓടിച്ചത് ഉമറാണെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിച്ചെങ്കിലും, അയാൾ തന്നെയാണ് ബോംബർ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായി ഡിഎൻഎ താരതമ്യത്തിനായി കാറിന്റെ അവശിഷ്ടങ്ങളിൽനിന്നു നേരത്തെ ശേഖരിച്ച സാമ്പിളുകൾ ഉമറിന്റെ അമ്മയുടെ സാമ്പിളുകളുമായി ഒത്തുനോക്കി.
വ്യാഴാഴ്ച രാവിലെ പുറത്തുവന്ന ഫലങ്ങൾ, ഡിഎൻഎ സാമ്പിളുകൾ സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചു. അങ്ങനെ, സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയമായ തെളിവുകളുടെയും പിൻബലത്തോടെ പോലീസ് ആ നിഗമനത്തിൽ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
