ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുനർനിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പേഴ്സണൽ ആൻ്റ് ട്രെയിനിങ് പുറത്തിറക്കി.
തുഷാർ മേത്തയ്ക്ക് പുറമേ, അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. വിക്രംജിത്ത് ബാനർജി, കെ എം നടരാജ്, സുര്യപ്രകാശ് വി രാജു, എൻ വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരെ ആണ് പുനർനിയമിച്ചത്. ദില്ലി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി.
കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷക മുഖകളിൽ പ്രമുഖനായ തുഷാർ മേത്ത, രാജ്യസുരക്ഷ, പൗരത്വം അടക്കം നിർണായക വിഷയങ്ങളിലുള്ള നിയമവ്യവഹാരങ്ങളിൽ സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ഹർജികളിൽ സർക്കാരിന് വേണ്ടി പതിവായി ഹാജരാകുന്നത് തുഷാർ മേത്തയാണ്.
ഗുജറാത്ത് സ്വദേശിയായ മുതിർന്ന അഭിഭാഷകനാണ് തുഷാർ മേത്ത. 2014ലാണ് മേത്ത കേന്ദ്ര സർക്കാരിൻ്റെ അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതനായത്. 2018 ഒക്ടോബറിലാണ് സോളിസിറ്റർ ജനറലായത്. 2023 ജൂലൈയിൽ കാലാവധി അവസാനിക്കാനിരിക്കെ 2026 ജൂൺ 30 വരെ കാലാവധി നീട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
